Follow by Email

2012, മാർച്ച് 1, വ്യാഴാഴ്‌ച

മനസ്സ്

മറിച്ചു നോക്കുവാന്‍
മറന്ന പുസ്തകത്താളില്‍
വായിച്ചെടുക്കുവാന്‍ വിട്ടൊരു വാക്ക്
ശ്വാസം കിട്ടാതെ
പിടയുന്നുണ്ടിപ്പോഴും;
നിന്നുച്ചാരണവും കാത്ത് !

* * * * * * * * * * * * * * * *

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

അമ്മ

എന്നില്‍ നിന്നും
നിന്നിലേക്കുള്ള
ദൂരത്തെ;
സ്നേഹംകൊണ്ടു
നികത്തുവാന്‍
പഠിപ്പിച്ചത് അമ്മ !
- - - - - - - - - - - - -  

പുല്‍നാമ്പുകള്‍

പെണ്ണേ,
നാളെയെന്റെ കുഴിമാടത്തില്‍
മുളപൊട്ടുന്ന പുല്‍നാമ്പുകള്‍
എന്റെയുറക്കത്തിനു
തടസ്സമാകുമെന്നു കരുതി
പിഴുതുകളയരുത്..

പാറക്കെട്ടില്‍ തലതല്ലിച്ചത്ത
തിരമാലയെപ്പോല്‍...
എന്റെയുള്ളിന്റെയുള്ളില്‍
നിന്നോട് പറയാതെ
പൊലിഞ്ഞുപോയ
പ്രണയത്തിന്റെ ആത്മാവാണത്..!!

**********************************

2012, ജനുവരി 5, വ്യാഴാഴ്‌ച

വേഷങ്ങള്‍

മത്സരവേദികളില്‍..
ഒട്ടിയ വയറുമായ്,
ഊരുതെണ്ടിയായ്,
രാമുവും;

ഗുണപാഠ കഥകളുമായ്
നന്മനിറഞ്ഞ
അപ്പൂപ്പനായ്..
ചന്ദ്രനും;

സ്വാതന്ത്ര്യത്തെ
ചങ്ങലപ്പൂട്ടിലൊതുക്കി
പൊട്ടിച്ചിരിയോടെ
തങ്കവും വന്നപ്പോള്‍,

ആദരവോടെ,
കരഘോഷത്തോടെ
നമ്മുടെ മനസ്സിലാ-
കുടിയിരുത്തിയത്!

എന്നിട്ടും,
യാഥാര്‍ത്യങ്ങളുടെ ലോകത്ത്
ഈ വേഷങ്ങള്‍ക്കെന്തേ
വേദിയില്ലാതെപോയത്..?

***********************

2011, ഡിസംബർ 26, തിങ്കളാഴ്‌ച

രണ്ടു വാക്കുകള്‍

കൊത്തുളി നടനമാടിയ
ജന്മവും പേറി
ഒരിറ്റു ദാഹജലത്തിനായ്-
കേഴുന്നു; നിഘണ്ടുവിലെ
രണ്ടു വാക്കുകള്‍,

അമ്മി കൊത്താനുണ്ടോ..?
ആട്ടുക്കല്ല് കൊത്താനുണ്ടോ..?

************************

2011, നവംബർ 24, വ്യാഴാഴ്‌ച

രോദനം

ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍,
പലമുഖങ്ങളൊരുമനമായ്
നീര്‍ക്കുമിളയിന്‍ ചാരുതയോടെ
സൌഹൃദങ്ങള്‍ പങ്കുവെയ്ക്കവേ...

സച്ചിനും.. സേവാഗും..
ലാലും, മമ്മൂക്കയും,
വി.എസ്സും, കുഞ്ഞൂഞ്ഞും
കൈകോര്‍ത്തു പൊട്ടിച്ചിരിക്കുന്നു

സമാന്തരപാതയിലെ,

തണ്ണീര്‍പ്പന്തലായ്..
ചായയും, കാപ്പിയും,
മിനറല്‍വാട്ടറുമെന്റെ
ദാഹം മാറ്റിയകലുമ്പോഴും,

തുറന്നിട്ട ജനല്‍പ്പാളിയിലൂടെ
വീശിയടിച്ച കാറ്റിനെത്തോല്‍പ്പിച്ച്
ആരാലും ശ്രദ്ധിക്കപ്പെടാതെ
കരുവാളിച്ച മരപ്പെട്ടിയില്‍നിന്നും,
വിശക്കുന്നവന്റെ രോദനം
മുഴങ്ങിക്കൊണ്ടേയിരുന്നു!

തുഛെ ദേകാ തോ യെ ജാന സനം
...................................................

****************************

2011, നവംബർ 14, തിങ്കളാഴ്‌ച

പരിണാമം

തിളച്ച വേനലിന്റെ തണുപ്പ്
കൊടിയമഴയുടെ ചൂട്
മരംകോച്ചും വസന്തത്തില്‍
മന്ദാരപ്പൂ ചൂടിയ മകരം

ഉപമകളുടെ-
വിരോധാഭാസങ്ങളില്‍
ആസ്വാദനത്തിന്റെ
മേളതാളങ്ങള്‍!

പഞ്ചതന്ത്രകഥകളില്‍
ഉണരാത്ത ഉറക്കത്തിന്‍
ചുവടുപിടിച്ച;
മയില്‍ നടനവും, കുയില്‍ നാദവും!

കിഴക്കിന്റെ ധര്‍മ്മം
പടിഞ്ഞാറായതിനാലാണോ..,
സിംഹം ഗര്‍ജ്ജിക്കാന്‍ മറന്നതും!
ആന മൗനവ്രതം തുടങ്ങിയതും!!

***********************