2011, ഡിസംബർ 26, തിങ്കളാഴ്‌ച

രണ്ടു വാക്കുകള്‍

കൊത്തുളി നടനമാടിയ
ജന്മവും പേറി
ഒരിറ്റു ദാഹജലത്തിനായ്-
കേഴുന്നു; നിഘണ്ടുവിലെ
രണ്ടു വാക്കുകള്‍,

അമ്മി കൊത്താനുണ്ടോ..?
ആട്ടുക്കല്ല് കൊത്താനുണ്ടോ..?

************************

2011, നവംബർ 24, വ്യാഴാഴ്‌ച

രോദനം

ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍,
പലമുഖങ്ങളൊരുമനമായ്
നീര്‍ക്കുമിളയിന്‍ ചാരുതയോടെ
സൌഹൃദങ്ങള്‍ പങ്കുവെയ്ക്കവേ...

സച്ചിനും.. സേവാഗും..
ലാലും, മമ്മൂക്കയും,
വി.എസ്സും, കുഞ്ഞൂഞ്ഞും
കൈകോര്‍ത്തു പൊട്ടിച്ചിരിക്കുന്നു

സമാന്തരപാതയിലെ,

തണ്ണീര്‍പ്പന്തലായ്..
ചായയും, കാപ്പിയും,
മിനറല്‍വാട്ടറുമെന്റെ
ദാഹം മാറ്റിയകലുമ്പോഴും,

തുറന്നിട്ട ജനല്‍പ്പാളിയിലൂടെ
വീശിയടിച്ച കാറ്റിനെത്തോല്‍പ്പിച്ച്
ആരാലും ശ്രദ്ധിക്കപ്പെടാതെ
കരുവാളിച്ച മരപ്പെട്ടിയില്‍നിന്നും,
വിശക്കുന്നവന്റെ രോദനം
മുഴങ്ങിക്കൊണ്ടേയിരുന്നു!

തുഛെ ദേകാ തോ യെ ജാന സനം
...................................................

****************************

2011, നവംബർ 14, തിങ്കളാഴ്‌ച

പരിണാമം

തിളച്ച വേനലിന്റെ തണുപ്പ്
കൊടിയമഴയുടെ ചൂട്
മരംകോച്ചും വസന്തത്തില്‍
മന്ദാരപ്പൂ ചൂടിയ മകരം

ഉപമകളുടെ-
വിരോധാഭാസങ്ങളില്‍
ആസ്വാദനത്തിന്റെ
മേളതാളങ്ങള്‍!

പഞ്ചതന്ത്രകഥകളില്‍
ഉണരാത്ത ഉറക്കത്തിന്‍
ചുവടുപിടിച്ച;
മയില്‍ നടനവും, കുയില്‍ നാദവും!

കിഴക്കിന്റെ ധര്‍മ്മം
പടിഞ്ഞാറായതിനാലാണോ..,
സിംഹം ഗര്‍ജ്ജിക്കാന്‍ മറന്നതും!
ആന മൗനവ്രതം തുടങ്ങിയതും!!

***********************

2011, നവംബർ 4, വെള്ളിയാഴ്‌ച

കുഞ്ഞുവരികള്‍

ശത്രു
-----

ഒരുമാത്രയകലാതെയവളെ
കണ്ടുകൊണ്ടിരിക്കണമെന്നെന്റെ
ആഗ്രഹത്തിനു തടസ്സം നില്‍ക്കും
'കണ്ണിമ'

************************

എന്റെ ഹൃദയം
---------------

കൊളുത്തിയ ദീപം
തെളിയാന്‍ മറന്നുവെങ്കിലും
ഇന്നും,
നീറി.. നീറി..
പുകഞ്ഞുകൊണ്ടേയിരിക്കുന്നു
അവളുടെ ഓര്‍മകളില്‍!

**********************

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

വാടാനോ പൂക്കുന്നത്..?

മഞ്ഞുകണങ്ങളെ
മാറോടുചേര്‍ത്ത്
വിടരാന്‍ കാത്തിരുന്ന
പൊന്‍പുലരി

മൃദുസ്പര്‍ശനസുഖമാസ്വദിച്ച്
ശലഭവുമായ് കുശലംപറയവേ..
വണ്ടായ് വന്നു, തേന്‍നുകര്‍ന്ന
മദ്ധ്യാനവെയില്‍

വിശപ്പാറ്റി കൂടണയും
കുഞ്ഞിക്കിളിയുടെ
കുറുമൊഴികളുമായ്
സായംസന്ധ്യ

ഇരുളടഞ്ഞ ദിനാന്ത്യത്തില്‍
ഉതിര്‍ന്നുവീഴുന്ന ദളങ്ങളില്‍
നിന്നറിയാതെയുയരുന്നു രോദനം
വാടാനോ പൂക്കുന്നത്...?

*********************

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

സത്രം

എവിടെയോ വായിച്ചു
മറന്നുവെച്ച വരികള്‍
ചിതല്‍പോലെന്നുള്ളം
കാര്‍ന്നു തിന്നവേ,
മനസ്സിലെഴും
വേദനയ്ക്കാശ്വാസമായ്
ഏതു തച്ചനാണ്
അക്ഷരങ്ങളാലൊരു
സത്രം പണിതുതരുക.?

*****************

2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

അവളുടെ കണ്ണുകള്‍

വര്‍ണശലഭത്തിന്‍
ചിറകടിപോല്‍
കണ്ണിമകള്‍

കരയെ ചുംബിച്ചകലും
തിരയെപോലവളുടെ
കുസൃതി നോട്ടങ്ങള്‍

പരിഭവത്തിന്‍
ചിണുങ്ങലുമായ്‌
കൃഷ്ണമണികള്‍

എന്റെ സുഖദുഃഖങ്ങളില്‍
ഋതുക്കള്‍ മാറിമറയും
മിഴിയോരങ്ങള്‍

അല്ലെങ്കിലും,
ആരും കാണാതെ
ഒളിപ്പിച്ചു വെയ്ക്കുന്നെന്റെ
മനസ്സ് വായിക്കാന്‍
അവളുടെ കണ്ണുകള്‍ക്കല്ലേ
കഴിയാറുള്ളൂ..!

*******************

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ജീവിതം

വിരല്‍പതിയാ-
ഹാര്‍മോണ്യത്തില്‍
തപസ്സിരിക്കും
സ്വരംചേരാ രാഗങ്ങള്‍

ശ്രുതിയൊന്നു മീട്ടുവാന്‍
ഇരുനിറ കട്ടകള്‍
ഇണചേര്‍ന്ന് നില്‍ക്കുന്നു
നിന്‍ സ്പര്‍ശനത്തിനായ്

താളത്തിനായ്
ചലിയ്ക്കും വിരലുകള്‍
താളത്തിനൊത്തു
തുള്ളുന്ന നേരം

വിരലൊന്നു മാറിയാല്‍
ശ്രുതിയൊന്നു തെറ്റിയാല്‍
കാതില്‍ മുഴങ്ങുന്നു
മരണഗീതം !

******************

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒഴുകുന്ന പുഴ

ഞാനൊഴുകുകയാണ്,
മണല്‍പ്പരപ്പിനെ ചുംബിച്ച്
പുല്‍നാമ്പുകളെ കുളിരണിയിച്ച്
വെള്ളാരംകല്ലുകളെ മാറോടുചേര്‍ത്തി
പതഞ്ഞു നിറഞ്ഞൊഴുകുകയാണ്

പിണങ്ങിപ്പോയ പൂവാലിയവള്‍
ദാഹം മാറ്റാന്‍ വന്നിട്ടുണ്ട്
വഴിമാറി പറന്ന കൊറ്റികള്‍
എന്നരികില്‍ തപസ്സിലാണ്

ജീവിതപ്രശ്നം,
തീര്‍ക്കുവാനുള്ള നെട്ടോട്ടത്തിലാണ്
പൊന്മാനും, പരല്‍മീനും.
ഹാ, നെല്‍ക്കതിരവളുടെ
പുഞ്ചിരിയൊന്നു കാണേണ്ടത് തന്നെ!

ആരാണിപ്പോള്‍,
കുപ്പിവെള്ളം കൊണ്ട്
മുഖം കഴുകിയത്
ടിപ്പറിന്‍ കൊലച്ചിരിയെന്‍
ചെവിക്കല്ലു പൊട്ടിക്കുന്നല്ലോ..!

*************************

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ചെല്ലാക്കാശ്‌

















കാലപ്പഴക്കത്തില്‍

നോട്ടില്‍ തുളവീണു
തുടങ്ങിയിരിക്കുന്നു

കുറച്ചുനാള്‍ കൂടി
മണ്ണെണ്ണ വാങ്ങിക്കാനോ
കറന്റ്‌ ബില്ലടക്കാനോ
ടേപ്പൊട്ടിച്ചുപയോഗിക്കാം

മടക്കിന്റെയെണ്ണം
കൂടിയതിനാലാവാം
നിവരാ ചുളിവുകള്‍.

ഇനിയിപ്പോ,
ചെല്ലാക്കാശ്‌
ഏതു ബാങ്കിലാ
ഒന്നു മാറിക്കിട്ടുക..?

****************

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

നിനവുകള്‍

നിനച്ചുപോയ്‌ ഞാന്‍
പൂവായ്
പുഞ്ചിരി തൂകിയവളെ,
എന്നില്‍ നിന്നും
പറിച്ചെടുത്ത നാളുകള്‍ .

കാറ്റേ...

നീ,
കവര്‍ന്നെടുത്ത ഇതളുകള്‍
തിരികെ തരുവാന്‍ കഴിയില്ലെങ്കില്‍
തെക്കോട്ടുള്ള നിന്റെ യാത്രയില്‍
ഞാന്‍ കൂടി പോന്നോട്ടെ..?

നിനക്കാതിരിക്കാന്‍
ആവില്ലെനിക്ക്,
നിനവേ
അവളാകുമ്പോള്‍.!

**********************

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഒരു ചോദ്യം

ആരോടും
അനുവാദം ചോദിക്കാതെ
തെല്ലും ശങ്കയില്ലാതെയെന്റെ
ആണിവേരും പിഴുത്
യാത്രയാകുന്ന
മരണമേ..
നിനക്കു മാത്രം,
എന്തേ.. മരണമില്ലാത്തെ..?

**********************

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

വൈകല്യം

എഴുതപ്പെടുന്ന മനസ്സിലെ
കാണാക്കാഴ്ച്ചകളില്‍
കഥപറയുന്ന അക്ഷരങ്ങളാല്‍
കവിതപാടുന്ന വാക്കുകളാല്‍
ജന്മം കൊള്ളുന്ന-
ജീവന്റെ തുടിപ്പുകള്‍ !

കാലുകളില്ലാത്തവര്‍
കൈകളാലും
കണ്ണുകളില്ലാത്തവര്‍
കാതുകളാലും
വിധിയെത്തോല്‍പ്പിച്ചു
ജീവിക്കുന്നയിവര്‍
വികലാംഗരെങ്കില്‍ ..,

സമ്മിശ്ര ആസ്വാദകലോകത്ത്
സ്വസുഖം കാംഷിക്കുവാന്‍
പോരായ്മകളെ-
ചൂഷണം ചെയ്തു
തളിരിട്ട പുല്‍നാമ്പിഞ്ചോട്ടില്‍
കനല്‍വാരിയെറിയുന്ന
മനോവൈകല്യത്തെ
എന്തു പേരിട്ടു വിളിക്കാം..?

************************

സുവര്‍ണ്ണകാലം

മൂടുകീറിയ ട്രൌസറിന്റെ
പോക്കറ്റില്‍ ഗോട്ടികളും,
പമ്പരവും നിറച്ച്
പിന്നു കുത്തിയ ഷര്‍ട്ടുമിട്ട്

കുഞ്ഞുനാളിലെ...
വേനലവധിക്കാലത്ത്
പഴങ്കഞ്ഞി നുണഞ്ഞു
കൂട്ടുകാരുമൊത്തു
വിണ്ടുകീറിയ പാടത്ത്
പന്തുത്തട്ടി കളിച്ചതും

ഉച്ചയൂണിനു പകരമായ്
എറിഞ്ഞിട്ട മൂവാണ്ടനും
ചുട്ടെടുത്ത കപ്പയും
കഴിച്ചു വിശപ്പടക്കിയതും

പടിപ്പുരവീട്ടിലെ
കിണര്‍വെള്ളം
കോരികുടിച്ചു
ദാഹം മാറ്റിയതും

അന്തിക്കു വീടണയാന്‍
വൈകിയ വേളയില്‍
അച്ഛന്റെ പുളിവാറുകലെ-
ന്നില്‍ ആഞ്ഞുപതിച്ചതും

അണപൊട്ടിയ കണ്ണുനീര്‍
അമ്മയുടെ സാരിതുമ്പിനോടു
പരിഭവം പറഞ്ഞതും

എല്ലാം... എല്ലാമെല്ലാം..
മധുരിക്കുന്ന ഓര്‍മകളായ്
നിറയുന്നെന്‍ നെഞ്ചകം

ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയും

രുചിച്ചറിഞ്ഞ, അന്നാളുകളില്‍
മീനചൂടുപോലുമെന്നെ
പൊള്ളിച്ചിരുന്നില്ല..!

***********************

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

വികലസൃഷ്ടി

പൊട്ടുകുത്താറില്ല
കണ്ണെഴുതാറില്ല
വളയോ, മാലയോ,
പാദസരമോ,അവള്‍-
ധരിച്ചു കണ്ടിട്ടുമില്ല.

എഴുതാത്ത കണ്ണും
കുറിതൊടാത്ത നെറ്റിയും
ആഭരണങ്ങളണിയാ
അംഗങ്ങളുമാണവള്‍ക്കു
ഭംഗിയെന്നെല്ലാവരും
പാടിപുകഴ്ത്തുന്നു.

ചമയക്കോപ്പുകള്‍ക്കു-
അടിമപ്പെടാതിരുന്നിട്ടും
അമ്മ പറഞ്ഞു,
അനുസരണകാട്ടാതെ
നടന്നു.. നടന്നു
നാട്ടുകാരെക്കൊണ്ട്‌
പറയിക്കുമിവളെന്ന്..!

*******************

ഞാന്‍ കവി

കരിങ്കല്‍പാളിയെ-
അഹോരാത്രം
ചെത്തിമിനുക്കി
മെനഞ്ഞെടുത്തതാണീ
ശില്‍പ്പം!

ഇതെന്റെ കാവ്യശില്പം
അതുകൊണ്ടുതന്നെ,
മാറു മറയ്ക്കാന്‍ മറന്നതല്ല
രതിയെന്നു നീ കരുതണം
ചീകി ഒതുക്കാന്‍ വിട്ടതുമല്ല
കാറ്റത്ത്‌ പാറിയതെന്നു
നീ മനസ്സിലാക്കണം.

ഇതില്‍ ,
വക്കുടഞ്ഞ വാക്കുകളില്ല
അരികുപൊട്ടിയ പദങ്ങളുമില്ല
നിനക്കിതു ചേര്‍ത്തുവായിക്കുവാന്‍
കഴിഞ്ഞില്ലെങ്കില്‍
നീ വായനക്കാരനുമല്ല!

അതെ,
ഇതു കവിത
ഇതാണ് കവിത !
ഞാന്‍ തന്നെ കവിയും !!!

**********************

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

വിളക്ക്

















ചെറു പുഞ്ചിരിയോടെ
ശാന്തമായ്..
കാറ്റത്തൊന്നു ഇളകിയാടി
പ്രതിസന്ധികളില്‍ തളരാതെ
ആത്മവിശ്വാസത്തിന്റെ-
പ്രതിരൂപമായ്
ഇരുട്ടിനെ പ്രകാശമാക്കി
എരിഞ്ഞടങ്ങുമ്പോഴും !
ബാക്കിയാവുന്നത്,
വെളിച്ചത്താല്‍ എഴുതപ്പെട്ടൊരു
ജീവിതകഥയോ..?
അതോ..
കരിന്തിരി കത്തിയമര്‍ന്ന
ധൂമപടലങ്ങലോ..?

***********************

നുണക്കുഴി

ചിരിക്കുമ്പോള്‍
കവിളില്‍ തെളിയുന്നത്,
നുണക്കുഴിയാണെന്നാണ്
അവള്‍ പറയാറുള്ളത്

എന്നാല്‍ ..,
നേരിന്റെ-
കുഴികളായതിനാലാവാം,
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും
ചിരിമാഞ്ഞ മുഖത്തു
മായാതെ നിലകൊള്ളുന്നത്

**********************

2011, ജൂലൈ 26, ചൊവ്വാഴ്ച

രണ്ടക്ഷരങ്ങള്‍

അമ്മയെക്കുറിച്ചെഴുതപ്പെടാത്ത
കാവ്യങ്ങളില്ല
വര്‍ണിക്കാത്ത കവിഹൃദയങ്ങളില്ല
എന്നിട്ടും,
എഴുതുവാനൊരു മോഹം!
പുതുമയാര്‍ന്ന വരികളെത്തേടി
പഴമയാര്‍ന്ന അക്ഷരങ്ങളിലൂടെ
ഒരു യാത്ര...,

സ്നേഹച്ചരടില്‍ കോര്‍ത്തു നോക്കി
ഇതു നങ്ങേലിയല്ലേ..!
തപം ചെയ്തു പെറ്റെടുത്ത-
ഉണ്ണിയ്ക്കു വേണ്ടി, പൂതത്തിനു
കണ്ണുകള്‍ ചൂഴ്ന്നു നല്‍കിയ അമ്മ.

വേദനയാലടുക്കി വെച്ചു,
പുത്രവിയോഗത്താല്‍
ചങ്കുപൊട്ടി നിലവിളിക്കുന്ന
മാമ്പഴത്തിലെ അമ്മയല്ലേയിതു.

ദയ, കാരുണ്യം, സഹനം,
എന്നിവയെ സമംചേര്‍ത്തു
വരച്ചു നോക്കി..,
അന്‍വറിന്റെ, അച്ചുവിന്റെ,
ആലീസിന്റെ അമ്മമാരല്ലേ
ക്യാന്‍വാസില്‍ തെളിയുന്നത്..!

വയ്യ,
ഇനിയും വയ്യെനിക്ക്
പുതുമതേടിയുള്ള യാത്രക്കിടയില്‍ -
ഞാനും കുറിക്കട്ടെ
പഴമയുടെ രണ്ടക്ഷരങ്ങള്‍

" അമ്മ "

********************

2011, ജൂലൈ 25, തിങ്കളാഴ്‌ച

നിലയ്ക്കാത്ത ഹൃദയത്തുടിപ്പുകള്‍

ഇടുപ്പില്‍ കെട്ടിയ കയറില്‍ -
ഉയിരിനെ ഏല്‍പ്പിച്ച്
പാറമടയുടെ ഉയരങ്ങളില്‍
മലപിളര്‍ക്കാന്‍ കുത്തിയ
കുഴിയിലെ തിരിയില്‍
പാതിവലിച്ച ബീഡി കുത്തി
ഉറ്റവരുടെ കാത്തിരിപ്പും
കൈവെള്ളയില്‍ ചുരുട്ടി
ഓടിയകലാനിടറിയ വേളയില്‍ ,
പൊട്ടിച്ചിതറിയ പാറകള്‍ക്കിടയില്‍
പെറുക്കിക്കൂട്ടിയ-
എല്ലിന്ക്കഷ്ണങ്ങള്‍ക്ക് മീതെ
കെട്ടഴിഞ്ഞ പണച്ചാക്കില്‍
മഞ്ഞളിച്ച നിയമത്തിന്‍ കണ്ണുകള്‍ .

കരിങ്കല്‍ ചീളിന്റെ മൂല്യമില്ലാതെ
ആരുടേയും കണ്ണില്‍പ്പെടാതെ
എവിടെയും കുറിക്കപ്പെടാതെ
പൊലിയുന്ന ജീവിതങ്ങള്‍ ,
ഓര്‍മകളില്‍ നിന്നുപോലും
പിഴുതെറിയപ്പെടുന്ന
ഹോമക്കുരുതികളുടെ
നിണത്തിന്‍ ചൂടാറുംമുമ്പേ
മടകളില്‍ മുഴങ്ങിത്തുടങ്ങിയിരുന്നു
വിശക്കുന്നവന്റെ-
ഹൃദയത്തുടിപ്പിന്‍ കാഹളം!

*********************

2011, ജൂലൈ 21, വ്യാഴാഴ്‌ച

ഏകാന്തത









വേര്‍പാടിന്റെ വേദനയില്‍
നീര്‍ച്ചാലുകള്‍
കവിളില്‍ തടമെടുക്കുമ്പോഴാണ്
ഞാനവളെ അറിഞ്ഞുതുടങ്ങിയത്‌

മറുവാക്കുരിയാടാതെ
എന്റെ വാക്കുകള്‍ക്കു
കാതോര്‍ത്തിരുന്നവളെന്നും
നല്ല കേള്‍വിക്കാരിയായിരുന്നു

എന്നിട്ടും,
വാചാലതയില്‍ നിന്നും
മൌനത്തിലേക്ക്‌
എന്നെ കൈപിടിച്ച്
നടത്തിച്ചതവളായിരുന്നു

യാമങ്ങളിലെന്റെ
തേങ്ങലും കണ്ണുനീരും
ആരുമറിയാതിരിക്കാന്‍
അവളെന്നെ ചേര്‍ത്തുപിടിച്ചു

അവള്‍ക്കറിയാം,
എനിക്കു തുണയായ്..
സാന്ത്വനമായ് മറ്റാരുമില്ലെന്ന്

എങ്കിലും,
അവളുടെ മടിത്തട്ടില്‍ നിന്നും
മണ്ണിലേക്കൂര്‍ന്നിറങ്ങുവാന്‍
ഞാനാഗ്രഹിക്കുന്നുണ്ടെ-
ന്നറിയാത്ത ഭാവം
നടിക്കുകയാണോ അവള്‍ ...?

*******************

2011, ജൂലൈ 16, ശനിയാഴ്‌ച

തെളിയാത്ത അക്ഷരങ്ങള്‍

നാടും വീടുമില്ലാത്ത-
പട്ടിണിക്കോലങ്ങള്‍
ഒരു തുണ്ടു ചാക്കിന്‍ മറയില്‍
ഇരുട്ടിനെ തോല്പ്പിക്കുമിവര്‍
നാടോടികള്‍ .,

അല്പസുഖത്തിനായ്
വിതയ്കുന്ന വിത്തുകള്‍
മുളപൊട്ടി..,
തളിരിട്ടു വരുമ്പോഴവനും
തെരുവിന്റെ മകന്‍

കരയുന്നകുഞ്ഞിനു പാലെന്ന
ചൊല്ലു രുചിക്കാതെ
വാത്സല്യമറിയാതെ
തന്റെ ഒട്ടിയവയര്‍ ,
കനിവാര്‍ന്ന കണ്ണുകളെ
തേടിയലഞ്ഞ നാളുകള്‍ .

വിധിയെ വെല്ലാന്‍
ത്രാണിയില്ലാതെയവന്‍
ഓടയിലെ പുഴുവായ്,
തെളിനീരായ്‌..
ജന്മംകൊണ്ടവനൊഴുകുന്നു
തെളിയാനീരായ്...!

**********************

2011, ജൂലൈ 11, തിങ്കളാഴ്‌ച

അനന്തതയിലേക്ക്...

എനിക്ക് പറക്കണം
പക്ഷികളെപ്പോലെ
മരങ്ങളും മലകളും
പുഴകളും പൂക്കളും കണ്ട്
കുസൃതി കാണിച്ച്
കളി പറഞ്ഞ്
ഒരു നിമിഷം,
എല്ലാം മറന്നു...
പാറി നടക്കണം.

അന്തിയില്‍ കൂടണയുമ്പോള്‍
ഓര്‍മകളെ കെട്ടിപിടിച്ചെന്‍
പാതിയെ താലോലിച്ചു
അമ്പിളിയോടു കഥ പറഞ്ഞ്
നിദ്രയിലാഴുമ്പോള്‍ ...

വീണ്ടും പറന്നുയരണം,
ഉയരങ്ങളിലേക്ക്...
ആകാശങ്ങള്‍ക്കപ്പുറത്തേക്ക്,
ആഴ്ന്നിറങ്ങണം
ഒരോര്‍മക്കുറിപ്പായ്.....

*********************

2011, ജൂലൈ 8, വെള്ളിയാഴ്‌ച

നെയ്ത്തുകാരന്‍





















നിറച്ചാര്‍ത്തില്‍ ...
മുക്കിയെടുത്ത പ്രതീക്ഷകളെ
നൂല്‍നൂറ്റ്..
തറിയില്‍ പൂട്ടിയ
നാടാവു കണക്കെ
വിശ്രമമില്ലാതെ..
നെയ്തെടുക്കുന്ന സ്വപ്‌നങ്ങള്‍
സാക്ഷാത്കരിക്കുമ്പോഴും,
താന്‍ മുറുക്കിയുടുക്കുന്ന
മുണ്ടിന്റെ നീളം
ഒരു മുഴം കുറവ്..!

*******************

2011, ജൂൺ 30, വ്യാഴാഴ്‌ച

ഉത്തരം കാത്ത്....










പെറ്റവയറിനു-
പോറ്റൂവാനാകാതെ
പാഠശാലയെന്നപോല്‍
ചേര്‍ത്തുവിട്ടു ഭോജനശാലയില്‍

കടിച്ചുത്തുപ്പിയ ഇറച്ചിക്കഷ്ണങ്ങള്‍
ചിതറിത്തെറിച്ച ചോറിന്‍ വറ്റുകള്‍
കീറിപ്പറിഞ്ഞെന്‍ ജീവിതത്തുണിയില്‍
തുടച്ചു വൃത്തിയാക്കുമ്പോള്‍ തെളിയുന്ന
കരിവാളിച്ചെന്‍ മുഖത്തേക്കാള്‍
സുന്ദരമീ തീന്‍മേശകള്‍ !

പെറുക്കിയെടുത്ത പാത്രങ്ങള്‍
കഴുകുന്ന വേളയില്‍
ഓടയിലൊലിച്ചിറങ്ങുന്നു
എച്ചിലും കൂടെയെന്‍ സ്വപ്നങ്ങളും

യജമാനസ്നേഹമോ അതോ-
ഒരുചാണ്‍ വയറിനോ
പരിഹാസങ്ങള്‍ , കൈത്തരിപ്പുകള്‍
കാരമുള്ളായ് വന്നു തറയ്ക്കുമ്പോഴും
ഞാനും വാലാട്ടുന്നു.

കൃമിയേ..... പറയൂ,

എച്ചിലാണെങ്കിലും,
അല്ലലില്ലാതെ...
നിന്റെ മനം നിറയ്ക്കുന്ന
ദൈവത്തിനു ഇഷ്ടപുത്രന്‍
നീയോ....? അതോ ഞാനോ...?

***************************

2011, ജൂൺ 25, ശനിയാഴ്‌ച

പുകഞ്ഞകൊള്ളി

കാഴ്ചയിലുണങ്ങിയ എന്നെ
അടുപ്പിന്‍ വായിലിറക്കി
അഗ്നിക്ക് സമ്മാനിച്ച
നീയറിയാതെ പോയ്‌..
അകമേ സ്നേഹത്തിന്‍
വറ്റാത്ത നീരുറവയുള്ളെനിക്ക്
നിന്നിച്ഛയ്ക്ക്..
കത്തുവാനാകില്ലെന്നു!

ആളിക്കത്തുവാന്‍
ഊതിയ അടുപ്പിലെ
പാറുന്ന ചാരത്തിനറിയാം
നിന്റെ പാഴ്ശ്രമം
കൂടെ നടന്നവരെല്ലാം
നിനക്കായ് വെണ്ണീറാകുമ്പോഴും
നീറി പുകഞ്ഞൊരു മനസ്സുമായ്
ഞാന്‍ മാത്രം ബാക്കി

പുകഞ്ഞവന്‍ പുറത്തെന്നു
വെളിയേ വലിച്ചിടുന്ന വേളയില്‍
കാറ്റേ.... ഒരപേക്ഷ,
കാര്‍മേഘത്തോട്‌
എന്റെ നൊമ്പരം ഓതുവാനാകുമോ..?
അല്ലെങ്കില്‍ ...
എന്റെ ഹൃദയത്തില്‍
അള്ളിപിടിച്ചിരിക്കുന്ന
കനല്‍പ്പുണ്ണുകള്‍
എന്നെ കാര്‍ന്നു തിന്നെക്കാം...!

*************************

അക്ഷരങ്ങള്‍ക്കായ്

എഴുതപ്പെടാത്തൊരെന്‍ കഥയില്‍ ,
ചായം തേയ്ക്കാത്ത മുഖങ്ങള്‍ ..
തിലകമണിയാത്ത നെറ്റികള്‍ ..
എഴുതാത്ത മിഴികള്‍ .,

അപൂര്‍ണമായ വേഷങ്ങള്‍
തെളിയാത്ത ചോദ്യങ്ങളുമായ്
അരങ്ങത്താടുവാന്‍ ആട്ടമണിക്കായ്
കാതോര്‍ക്കുന്നു.

നീര്‍മണിത്തുള്ളികള്‍ ഉഷ്ണക്കാറ്റുകള്‍
ചിരിക്കുന്ന പൂക്കള്‍ ,വിറയ്ക്കുന്ന മരങ്ങള്‍
കാലമേ....

ഉത്തരങ്ങള്‍ക്ക് പകരം നല്‍കുവാന്‍
എന്റെ കൈവശം ഒരു പിടി
ചോദ്യങ്ങള്‍ മാത്രം..!

ചലിക്കാത്ത പാതയില്‍
ഉറയ്ക്കാത്ത ചുവടുമായ്
പകലിന്റെ കറുത്ത മുഖമൂടിയണിഞ്ഞ
എന്റെ മനസ്സിന്റെ മാന്ത്രികന്‍
ഓരോ താളുകളായ് ചികയുന്നു,
അറിയപ്പെടാത്ത വാക്കുകളിലെ
തെളിയാത്ത അക്ഷരങ്ങള്‍ക്കായ്.


*****************************

2011, ജൂൺ 20, തിങ്കളാഴ്‌ച

(അ)പരിചിത

പരിചിതമായ
ഒരപരിചിത മുഖം
കണ്ടിട്ടും, കാണാതെ..
വിളി കേട്ടിട്ടും,
കേള്‍ക്കാതെ..
എനിക്ക് മുന്നില്‍ ,
നടന്നകലുകയാണ്.

പിറകില്‍ നിന്നും
എന്റെ ഹൃദയം
കൊണ്ടവളെ വിളിച്ചു
ഒരു മാത്ര..
നിന്ന ശേഷം,
വീണ്ടുമവള്‍ നടന്നു
പിറകെ ഞാനും.

കാണാന്‍ ...
കൊതിച്ച മുഖം
മാടി വിളിച്ച
സന്തോഷത്തില്‍ ,
എന്റെ ഉള്ളില്‍
തിരമാലകള്‍
പൊട്ടിച്ചിരിക്കുന്നു

കഥകള്‍ക്കൊതുങ്ങാതെ..
ഭാവനകള്‍ക്കതീതമായ്..
വര്‍ണ്ണിക്കാനാവാത്ത,
നിമിഷങ്ങളിലൂടെ..
ഒഴുകി നീങ്ങുമ്പോള്‍ !

അടിയൊഴുക്കുകള്‍ ,
എനിക്കായ്..
കരുതിവെച്ച
ഉണരാത്ത..
ഉറക്കത്തിന്റെ പടവുകള്‍
ഞാന്‍ കയറിത്തുടങ്ങിയിരുന്നു.

********************

തിരയേ....













കരയെ
തഴുകുന്ന
തിരയേ....,
നിന്റെ ഓരോ വരവിലും
എന്താണവള്‍ കാതില്‍
കിന്നരിക്കുന്നത്..?

അവളറിഞ്ഞു
കവര്‍ന്നെടുത്ത
പ്രണയത്തരികള്‍
എവിടെയാണു നീ
ഒളിപ്പിക്കുന്നത്..?

നിന്റെ ചുംബനം
അത്രമേല്‍ ഇഷ്ട്ടമാണോ
അവള്‍ക്ക്...?

കള്ളീ..,
നീ എത്ര വിളിച്ചിട്ടും
കൂടെ പോരുന്നില്ലല്ലോ..!

നിനക്ക്
അവളോടുള്ള ഇഷ്ടം
നുരയായ്
സമ്മാനിക്കുമ്പോഴും,

അവള്‍ക്കായ്..
ഊതി ഉരുക്കി
കാത്തുസൂക്ഷിക്കുന്ന
മുത്തും പവിഴവും,

അവളെ
അണിയിക്കാന്‍
കഴിയാത്ത
നിന്റെ,
ഹൃദയത്തിന്റെ നൊമ്പരം
അവള്‍ അറിയാതിരിക്കുമോ..?

*********************

തണുപ്പ്

എനിക്കിന്നു
വല്ലാതെ തണുക്കുന്നു
മനസ്സും.. ശരീരവും.

കൈകള്‍ രണ്ടും
കൂട്ടി തിരുമ്മി
അല്പം ചൂട്
പകരുവാന്‍ നോക്കി,
കഴിഞ്ഞില്ല..
കൈകളാകെ
മരവിച്ചിരിക്കുന്നു.

കാണാത്തത്..
കണ്ടതിന്റെ

കേള്‍കാത്തത്..
കേട്ടതിന്റെ

അരുതാത്തത്..
ചെയ്തതിന്റെ

തണുപ്പ്....
എന്നെ
വലിഞ്ഞു
മുറുക്കുന്നു
എല്ലുകള്‍
നുറുങ്ങി
ഒടിയുന്നു

തണുപ്പേ....
ഇനിയും ബാക്കിയായ് എന്ത്...?

സൂര്യോദയത്തിനു ഇനി
മിനിട്ടുകള്‍ മാത്രം.

********************

2011, ജൂൺ 7, ചൊവ്വാഴ്ച

മനസ്സ്

പലപ്പോഴും..
അവന്‍ അങ്ങനെയാണ്
അനുസരിപ്പിക്കാന്‍ അല്ലാതെ
അനുസരിക്കാന്‍ അവനറിയില്ല

ദേഷ്യത്തിന്റെ നെല്ലിപലക
എന്നെനോക്കി
കൊഞ്ഞനം കുത്തുന്നു
ഞാനറിയാത്ത എന്നെ
ഞാനറിയുന്നു ഇന്ന്

ദുഷ് ചിന്തകള്‍
അഗ്നിപര്‍വത ലാവയായ്‌
പുറത്തേക്കൊഴുകുന്നു
ചിറകെട്ടി തടയാനാവുന്നില്ല
മനക്കരുത്ത്
ലാവയുടെ ഒഴുക്കില്‍
ദ്രവിച്ചു പോയിരിക്കുന്നു

നില്‍ക്കാതെ ഓടുകയാണ്
പേ പിടിച്ച പട്ടിയെ പോലെ..
വായില്‍ നിന്നും
ഒലിച്ചു താഴെക്കൂര്‍ന്നിറങ്ങുന്നു
വിഷത്തിന്റെ പിത്തരസം
അതിന്റെ ഒഴുക്കിനൊരു
അവസാനം ഉണ്ടാകുമോ..?

**********************

2011, ജൂൺ 3, വെള്ളിയാഴ്‌ച

ഒഴുകാത്ത പുഴ

ഒഴുകാത്ത പുഴയാണി-
ന്നെന്റെ മനസ്സ്
ചുറ്റുമുള്ള അഴുക്കെല്ലാം
ഞാനറിഞ്ഞുകൊണ്ട്
എന്നില്‍ വന്നടിഞ്ഞിരിക്കുന്നു

മലിനമാകും മുമ്പേ
ശുചിയാക്കിയിരുന്ന
അമ്മ തന്നുവിട്ട പരല്‍ മീനുകള്‍
പണ്ടേ ചത്തൊടുങ്ങിയിരിക്കുന്നു

കുശലം പറയാന്‍ വന്നിരുന്ന
സുന്ദരി കൊക്കുകള്‍
വഴി മാറി പറക്കുന്നു
ദാഹം തീര്‍ക്കാന്‍ വരുമാര്‍ന്ന
പൂവാലി, അവള്‍ ..
ഈയിടെയായി വരാറേയില്ല

കൂത്താടികള്‍ മക്കളും
കൊചുമക്കളുമായ്
സകുടുംബം വാഴുന്നു

നാള്‍ക്കുനാള്‍ എന്നുള്ളം
ചീഞ്ഞു നാറുന്നു
വീണ്ടും ഒഴുകിതുടങ്ങണമെന്ന
മോഹമൊരുപാടുണ്ട്

ആരെങ്കിലുമൊരു ചാല്
കീറി വിട്ടാല്‍
അകന്നവരെല്ലാം അടുത്തേക്കാം

പക്ഷെ ആര്...?

***********************

ഓര്‍മ്മകള്‍

ഞാനും
നീയും..
നമ്മളെന്നു
ചേര്‍ത്തെഴുതിയാലും

നമ്മള്‍ ..
ഞാനും
നീയുമെന്നു
പിരിച്ചെഴുതിയാലും

ചിതയില്‍ ..
വിറകിനു കൂട്ടായ്
പാഴ്തടിയായ്
എരിഞ്ഞടങ്ങും വരെ,

നെഞ്ചോടു
ചേര്‍ത്തുവയ്ക്കും
നിന്നെക്കുറിച്ചുള്ള
എന്റെ ഓര്‍മ്മകള്‍ ..!

*****************

കവിതയും ജീവിതവും

പിച്ചവയ്ക്കുന്ന
സ്വരാക്ഷരങ്ങള്‍
നടന്നു തുടങ്ങിയ
വ്യഞ്ജനാക്ഷരങ്ങള്‍
ഉച്ചരിക്കാനുതകിയ
ചില്ലക്ഷരങ്ങള്‍
ജീവിക്കാന്‍ പ്രേരിപ്പിച്ച
കൂട്ടക്ഷരങ്ങള്‍

എഴുതി തുടങ്ങിയ
ആദ്യവരി
കവിതയില്‍ നിന്നും
ചുവടുറയ്ക്കാത്ത
ജീവിത പാതയില്‍
വിധി വിതറിയ
കുപ്പിച്ചില്ലുകള്‍

അതിന്മേല്‍ ..
പട്ടു പരവതാനി വിരിച്ചു
നടന്നു മുന്നേറി
ചരിത്രത്തിന്റെ ഭാഗമായ
അവസാന വരികള്‍ ..!

********************

വധുവിനെ ആവശ്യമുണ്ട്

പെണ്ണുകെട്ടാന്‍ പൂതിയായി
ദല്ലാളെ കണ്ടനേരം....
എന്‍ സ്വപ്ന സുന്ദരിയാമാവളെ
വര്‍ണിച്ചു ഞാനിപ്രകാരം

വാലിട്ടെഴുതിയ കണ്ണുകള്‍
നെറ്റിയിലൊരു ചന്ദനക്കുറി
കാച്ചിയ എണ്ണയിന്‍ നറുമണം
തൂവും കാര്‍കൂന്തല്‍
അതിലൊരു തുളസിക്കതിരും

കാതില്‍ ജിമിക്കിയും തോടും
ആലിലക്കണ്ണന്റെ ലോക്കറ്റിട്ട
ഒരു കുഞ്ഞു ചെയിന്‍ കഴുത്തിലും
കാലില്‍ ..
കൊഞ്ചുന്ന പാദസരം
കൈകളില്‍
പൊട്ടിച്ചിരിക്കുന്ന വളകള്‍

കസവിന്റെ കരയോടുകൂടിയ
സെറ്റ് മുണ്ടും ധരിച്ചൊരു
മാണിക്യത്തെ വേണമെന്ന്
വിനയത്തോടെ നിന്ന നേരം

തെല്ലൊന്നു ശങ്ക കൂടാതെ
ദല്ലാളൊരു കെട്ടു
മംഗളം മനോരമ വാരികകള്‍
എന്നെര്‍ക്കു നീട്ടി...
ചിത്രം നോക്കുവാനോതി...!

************************

ടീച്ചര്‍

അറിവിന്റെ ലോകത്തേക്ക്
കൈപിടിച്ചു നടത്തി
വിദ്യയിന്‍ ആദ്യാക്ഷരം
പകര്‍ന്നു നല്‍കിയ മഹത്തുക്കള്‍
നമ്മിലെ കഴിവും... കേടും
തിരിച്ചറിഞ്ഞു -
പതിരു വേര്‍തിരിച്ചെടുത്തു
നമ്മെ മുന്നോട്ടു നയിച്ചവര്‍
നം ജീവിതത്തില്‍ കെടാ -
വിളക്കായ് നന്മ പകര്‍ന്നു നല്‍കിയ
നിസ്വാര്‍ത്ഥ സ്നേഹത്തിനുടമകളായ
ഭൂമിയിലെ മാലാഖമാരിവര്‍
ആരോടും പരാതിയും...
പരിഭവവുമില്ല...
വിശ്രമമില്ലാതെ പാടുപെടുന്നു
നാളെയുടെ വാഗ്ദാനങ്ങളെ
വാര്‍ത്തെടുക്കുവാന്‍ .....!

************************

ഏഴാം ക്ലാസ്സിലെ എന്റെ സാമൂഹ്യപാഠം ടീച്ചറും... ക്ലാസ്സ്‌ ടീച്ചറുമായിരുന്ന ഞാനിന്നും ഒത്തിരി ബഹുമാനിച്ചു പോരുന്ന എന്റെ സുഹറ ടീച്ചര്‍ക്ക് ഇത് സമര്‍പ്പിക്കുന്നു.

സന്തോഷം

നിന്നെയാര്‍ക്കും
വേണ്ടെന്റെ കണ്ണുനീരേ..
എന്നാലൊരു...
ചാറ്റല്‍ മഴയെങ്കിലും-
വന്നു ക്ഷണിക്കാതെ
മഴവില്ലായ
ഞാനെങ്ങനെ വരുമെന്‍
സുഹൃത്തേ...
നിന്‍ പൂമുഖത്ത്...

*******************

ചേര

അയ്യോ...........
എന്നൊരാര്‍ത്ത നാദം
നടു പൊളിഞ്ഞ വേദനയാല്‍
നിലവിളിച്ചതാണ് ഞാന്‍

എന്തിനാണെനിക്ക്
ഈ പൊണ്ണതടി
എന്തിനിത്ര നീളവും
ഒരിറ്റു വിഷവുമില്ല
കണ്ടിട്ടാര്‍ക്കുമൊരു
പേടിയുമില്ല

ചായക്കടക്കാരന്‍
നാരായണേട്ടന്റെ
അടുക്കളിയിലാണെന്റെ
സഖി അടയിരിക്കുന്നത്‌

പാവം....
പേടിച്ചിരിക്കുന്നവളെ-
യൊന്നു ആശ്വസിപ്പിക്കാനായ്
ചെന്ന നേരം
ഓര്‍ക്കാപുറത്ത് കൊണ്ട
അടിയുടെ വേദന
സഹിക്കാവുന്നതിലും അപ്പുറം

ഹേ.. മനുഷ്യാ....
ഞാനെന്തു പാതകം
ചെയ്തു നിന്നോട്
നീയല്ലേ......... എന്റെ
കാടും പോടും നികത്തി
കൂര പടുത്തുയര്‍ത്തിയത്‌

പോവാനൊരു ഇടമില്ല
മുട്ടാനൊരു വാതിലില്ല

ഞാനൊന്നു കടിക്കുമ്പോള്‍
നിന്റെ അത്താഴം കൂടി
മുടങ്ങിയില്ലായിരുന്നില്ലെങ്കില്‍ .....

ഈശ്വരാ..........

*************************

അവളൊരു മഴ

















തോരാതെ
നീ പെയ്യുമ്പോഴും
നിന്റെ
കുളിര്‍ കൊണ്ടൊന്നു-
നനയുവാന്‍ എനിക്കായില്ല..!

ചുറ്റും..
ഒരദൃശ്യ വലയം തീര്‍ത്തു
നീ..
പൊഴിയുകയായിരുന്നു
എന്നെ..
ഒരുപാട് കൊതിപ്പിച്ച്

അതു..
മാത്രമായിരുന്നോ
മഴയേ....
നിന്റെ മനസ്സിലും..?
********************

വളപ്പൊട്ടുകള്‍

തിരിഞ്ഞു..
നടന്നകലാന്‍
തുനിഞ്ഞ
അവളുടെ കൈ
പിടിച്ച വേളയില്‍

ഉടഞ്ഞ...
വളപ്പൊട്ടു കൊണ്ട്
കൈത്തണ്ടയില്‍
നിന്നൂര്‍ന്നിറങ്ങിയ
നിണതുള്ളിയെ
ചുണ്ടിനാല്‍ ഒപ്പിയെന്‍
കണ്ണീരാല്‍ കഴുകി
മൂര്‍ധാവിലൊരു
സ്നേഹ..
ചുംബനവുമായ്
സാന്ത്വനിപ്പിക്കവേ....

അവളുടെ....
ആനന്ദകണ്ണീരില്‍
സ്നേഹത്തിന്റെ ആഴം
കണ്ടു മനം കുളിര്‍ന്ന
ആ നാളുകള്‍ ...

എല്ലാം....
എന്നോര്‍മയില്‍ നിറയുന്നു
ചെറു നെടുവീര്‍പ്പോടെ...

ഉണ്മയിലിന്നെന്‍ ഉള്ളം
വളപ്പൊട്ടുകള്‍ പോലെ
ചിതറിയിരുന്നെങ്കിലും..!

******************

അറിഞ്ഞിരുന്നില്ലവള്‍

വേദനകൊണ്ട്..
പൊട്ടിപൊളിഞ്ഞെന്റെ
ഹൃദയത്തെ
തുന്നിക്കൂട്ടുവാന്‍
നൂലുമായ മീനു വന്നത്

പക്ഷെ...
തുന്നാനാവാത്ത വിധമെന്റെ
ഹൃദയപാളികള്‍
പണ്ടേ ദ്രവിച്ചിരുന്നു

പാവം...

എനിക്കു വേണ്ടത്
അറിഞ്ഞിരുന്നില്ലവള്‍ ..

ഒരു മാത്ര
തുടിക്കാനാവാതെ
ഇരു പാളികളെ
ചേര്‍ത്ത് വെച്ചു
ഒരിക്കലും...
തുറക്കാനാവാത്തൊരു
അടപ്പാണെന്നു.

*******************

അവള്‍


















എന്റെ
ഹൃദയത്തില്‍
പ്രണയത്തിന്റെ
വിത്തു പാകിയത്‌
അവളായിരുന്നു

വിധി വിറകുവെട്ടുകാരനായ്
കടയ്ക്കല്‍ മഴു ഓങ്ങിയപ്പോള്‍ ..
ഒരു വാക്ക് പോലും
ഉരിയാടാതെ,
ആണിവേരും പിഴുതാണവള്‍
യാത്രയായത്...

ആ പോക്കില്‍ ....
പടര്‍ന്നു നിന്നിരുന്ന
ശിഖരങ്ങള്‍ കൊണ്ട്
മുറിഞ്ഞതിനാലാവാം
ഇന്നും..
എന്റെ ഹൃദയത്തില്‍ നിന്ന്
രക്തം കിനിഞ്ഞു കൊണ്ടിരിക്കുന്നത്..!

*************************

തീക്കട്ടയും നീര്‍ത്തുള്ളിയും

ചുട്ടുപൊള്ളിക്കാന്‍ മാത്രമല്ല
സ്നേഹിക്കാനുള്ളൊരു മനസ്സും-
എനിക്കുണ്ടെന്നവളാ
മനസ്സിലാക്കി തന്നത്.

അടുക്കള ജനലില്‍ ,
പേടിച്ചു വിറച്ചു...
കുറുകിയിരിക്കുന്നവള്‍ -
രാത്രി പെയ്ത ചാറ്റല്‍ മഴയ്ക്ക്
ചിതറിത്തെറിച്ചു വന്നതാണ്

അവളെ കണ്ടാമാത്രയില്‍
പ്രണയമുകുളങ്ങള്‍
വിടര്‍ന്നെന്റെഹൃദയത്തില്‍ -
അവളുടെ...
വിറയാര്‍ന്ന മേനിയെ
ചേര്‍ത്തു പിടിച്ചു,
പ്രണയ തന്ത്രികള്‍
മീട്ടുന്ന വേളയില്‍
ഞാനുമറിഞ്ഞു
എന്നെയും ഇഷ്ട്ടമായിരുന്നെന്നു..!

അല്ലെങ്കില്‍ ....
ഒരുമ്മ നല്‍കാന്‍ തുനിഞ്ഞതും
എന്റെ ഹൃദയവും കവര്‍ന്നു
ആവിയായ് പോകുമായിരുന്നോ
അവള്‍ ...?

**************************

ഒരു മുതലാളിയും.. തൊഴിലാളിയും..!














ക്ലോക്കിലെ മണിക്കൂര്‍
സൂചിക്കൊരു ഭാവമുണ്ട്..
ഞാനൊന്ന് കറങ്ങി വന്നാലെ
സൂര്യാസ്തമയം ഉള്ളുവെന്ന്..!
സെക്കന്റ്‌ സൂചിയുടെ
മരണപ്പാച്ചിലിന്‍ ഫലമാണ്
തന്‍ കറക്കമെന്നു
പലപ്പോഴും മറന്നു പോവുന്നു...!

**************************

മണിപേഴ്സ്














കാഴ്ചയില്‍
...
വലിപ്പമോ... ചെറുപ്പമോ...
കനമോ... തൂക്കമോ...
നോക്കാതെ,
എല്ലാവരും ഒന്നാണെന്ന
ഭാവേന...
നാനാത്വത്തില്‍ ഏകത്വം
ദര്‍ശിക്കുന്ന ഒരേയിടം..!

**********************

അന്തരം

പുലി..... പുളി.....
കട..... കുട.....
വള..... വിള.....
വല..... മല.....

വെറുമൊരു അക്ഷരത്തിന്‍
വ്യത്യാസം മാത്രം.........
പക്ഷെ....
അര്‍ത്ഥങ്ങള്‍ തമ്മിലുള്ള
അന്തരം.....
അനിര്‍വചനീയം

ചേര്‍ത്ത് വെച്ചു നോക്കി
കാഴ്ച്ചക്കൊരുപോല്‍
എന്നാല്‍ പിന്നെ
ചേര്‍ന്നിരിക്കട്ടെ തോന്നി
രക്ഷയില്ല
നീരും എണ്ണയും പോല്‍

കൂട്ടികെട്ടി നോക്കി
ബലം കിട്ടുമെന്ന്
ഏച്ചു കെട്ടിയതല്ലേ...
മുഴച്ചു തന്നെയിരുന്നു

പിന്നീടെപ്പഴോ...
അനുഭവങ്ങള്‍ പഠിപ്പിച്ചു
അന്തരത്തിനൊരു
അന്തമില്ലെന്നു......!

********************

വീണ്ടുവിചാരം

നിന്നോടു ഞാനന്നു
പറഞ്ഞിരുന്നു
ഞാനതു ചെയ്തില്ലെന്ന്
എങ്കിലും നീയെന്നെ
വിശ്വസിച്ചില്ല്ല

കാലത്തിന്റെ വിരുതില്‍പ്പെട്ടു
നാമിന്നു കാണാമറയത്ത്
വേര്‍പാടിന്റെ വേദനകള്‍
അനുഭവിച്ചറിയുമ്പോള്‍ ,
ഉള്ളിന്റെയുള്ളില്‍ ...
നീയെന്നെ വിശ്വസിച്ചിരുന്നെങ്കി-
ലെന്നോര്‍ത്തു പോവുന്നു.

പലപ്പോഴും... നാമിങ്ങനെ-

ചെറിയ കാര്യങ്ങള്‍ക്കാണ്
പിണങ്ങി പിരിയാരുള്ളത്.
പരസ്പ്പരം പഴിചാരാനല്ലാതെ
ഒന്നു മനസ്സ് തുറക്കാന്‍
നമുക്കിതുവരെ സാധിച്ചുവോ...?
എല്ലാം മറന്നു...
ഒന്നിച്ചു ജീവിക്കുവാന്‍ ...
നിന്‍ മടിതട്ടിലൊന്നു
തലചായ്ക്കുവാന്‍ ...
ഒരു വിരല്‍ സ്പര്‍ശനതിനായ്‌,
സ്നേഹചുംബനത്തിനായ്
അറിയാതെന്മനം കൊതിക്കുന്നു.

നിന്‍ വരവിനായി
കാത്തിരിക്കുന്നു.....
ഒന്നു മാത്രം
ഇനിയൊരിക്കലും
പിരിയില്ലെന്നൊ-
രുറപ്പുണ്ടെങ്കില്‍
പോരുക നീ.....
വീണ്ടുമൊരു
കാത്തിരിപ്പിനെന്‍
ആയുസ്സു തികഞ്ഞില്ലെങ്കിലോ..!

*************************

ജയവും തോല്‍വിയും

ജയവും
തോല്‍വിയും
തമ്മില്‍
ചെറു
വ്യത്യാസം മാത്രം

കടമ
നേരായ്
ചെയ്‌താല്‍
ജയവും

കടമ
കടത്തിനു
ചെയ്‌താല്‍
തോല്‍വിയും

*************

മരണമണി

ഓര്‍മയിലെവിടെയോ
കഞ്ഞി തിളയ്ക്കുന്നു...
അരി തിളച്ചു തൂവുന്ന
മണം അറിയുന്നു.
പാല്‍ കഞ്ഞിയുടെ രുചി
നാവില്‍ തത്തിക്കളിക്കുന്നു
കുമ്പിളില്‍ കോരിക്കുടിച്ചോര
മാധുര്യത്തെയാരോ
വനവാസത്തിനയച്ചിരിക്കുന്നു
ഒന്നുറപ്പ്...
അടുക്കളയിലെ കുക്കര്‍
കഞ്ഞിയുടെ ചോര ഊറ്റിക്കുടിച്ച്
മരണമണി മുഴക്കുകയാണെന്നു.

***************************

അവതാരക

അവളുടെ മധുരമൊഴികള്‍
കേട്ടാണ് ഞാനുണര്‍ന്നിരുന്നത്
ചിരിക്കുമ്പോള്‍ തെളിയുന്ന
നുണക്കുഴികള്‍ കാണുവാന്‍ മാത്രം
ഇല്ലാത്ത പിറന്നാളും.. കല്യാണവും..
അവളെ വിളിച്ചാഘോഷിച്ചു
മനസ്സില്‍ വധുവായ് പ്രതിഷ്ടിച്ചാ-
ണെന്‍ ജീവിതത്തിലേക്ക് ക്ഷണിച്ചത്

ആട്ടത്തിനു കെട്ടിയ
വേഷമഴിച്ചവളോതി
ചിരിയാണെന്‍ മൂലധനം
മൊഴികളെന്‍ വില്പ്പനച്ചരക്കും
കത്തുന്ന വേദനയിലുമെന്‍
ഉണ്ണിതന്‍ വയര്‍ നിറയാന്‍
യാഥാര്‍ത്യങ്ങള്‍ മറന്നു
ചിരിക്കേണം ഞാന്‍

അവളതു പറഞ്ഞു തീരുമ്പോള്‍
കൈമുതല്‍ ....
കണ്ണീരില്‍ കുതിര്‍ന്നിരുന്നു...

**************************

ശകുനം

















വീട്ടീന്നു പുറത്തേക്കിറങ്ങും നേരം
കട്ടിളപ്പടിയില്‍ കാലൊന്നുടക്കി
ക്ഷണനേരം കഴിഞ്ഞിറങ്ങാം
വിഘ്നമൊഴിഞ്ഞോട്ടെയെന്നമ്മ..

അല്പദൂരമൊട്ടു നടന്ന നേരം
കരിമ്പുച്ചയൊന്നു കുറുകെ
ദുശകുനമാണല്ലോ ഉണ്ണീ-
യെന്നു കളിത്തോഴന്‍ ..

രണ്ടടി മുന്നോട്ടായവേ, തലനരച്ച
കാളിതള്ളയല്ലേ വരുന്നത്
അവര് പോയിട്ടാകാമെന്നു
അയലത്തെ സാവിത്രി..

നിറജലകുടവുമായ് പാറുക്കുട്ടി
തെയ്യം തെയ്യം വരുന്നുണ്ട്.
ശുഭശകുനമാണ്, യാത്ര-
തുടരാമെന്നങ്ങേലെ ബാലേട്ടന്‍..

കേവലം ശകുനത്തിലെന്തു കാര്യം
എല്ലാം മനസ്സിന്റെ നന്മയല്ലേ.
കരിമ്പുച്ചയോ,കാളിതള്ളയോ...
ഇതിലെന്തു പിഴച്ചു.....?

**************************

ഹൃദയം

ഹൃദയമുണ്ടെങ്കിലെ
ജീവിക്കാന്‍ പറ്റൂ
അവനാണ്..
ദുഷിച്ചതെല്ലാം ശുചീകരിക്കുന്നത്
എന്നാണ് ബയോളജി
ടീച്ചര്‍പഠിപ്പിച്ചത്

വിധിയുടെ വിളയാട്ടത്താല്‍
പിന്നീടെപ്പഴോ..
നാട്ടുകാരെന്നെ
ഹൃദയമില്ലാത്തവനെന്നു വിളിച്ചു.
എന്നിട്ടും.. ഞാന്‍ ജീവിക്കുന്നു.

**************************

പറയാന്‍ മറന്നത്

കണക്ക് ടീച്ചര്‍ക്കെന്നോട്
പറയുവാനുണ്ടായിരുന്നത്
രേഖയെക്കുറിച്ചായിരുന്നു.
നീട്ടി വരയ്ക്കുന്നൊരു
വര മാത്രമാണ് അവളെന്നാണ്
അന്നെന്നോടു പറഞ്ഞത്.
പക്ഷെ...
ജീവിതത്തിലെ
കൂട്ടലും.. കിഴിക്കലും..
കൂട്ടത്തില്‍ പെരുക്കലും
അവളുടെ കളിതമാശയാ-
ണെന്നു പറയുവാനെന്തോ
മറന്നുപോയ്‌.....

*********************

കീടങ്ങള്‍


നേരമിരുട്ടി തുടങ്ങി
പതിവിലും വിപരീതമായി
കാറ്റിനിന്നു
വല്ലാത്ത ദേഷ്യം പോലെ
വാനത്തിനുമൊരു വല്ലായ്മ
കാണുന്നു
അവന്‍ മുഖമാകെ
വിളറിയിരിക്കുന്നു..
ഹൃദയം വല്ലാതെ
മിടിക്കുന്നുമുണ്ടല്ലോ..?
ബന്ധുക്കളുടെ
അടങ്ങാത്ത ആര്‍ത്തി
അവനെയും
കാര്‍ന്നു തിന്നുവോ....?

ഞാനെല്ലാം കണ്ടുകൊണ്ടു
ഒരു ഗദ്ഗദത്തോടെ
നിന്നെ നോക്കി
നെടുവീര്‍പ്പിടുന്നു.
നീയൊന്നു
പൊട്ടികരഞ്ഞെങ്കില്‍ ...

ബന്ധമെന്ന കീടങ്ങള്‍ക്ക്
ഈ ചിതയണച്ചെന്‍
പാതിവെന്ത ഉടല്‍ കൂടി
പകുത്തു കൊടുക്കാമായിരുന്നു..!

*************************

താരാട്ട്


















കാച്ചിക്കുറുക്കിയ-
വേണു ഗാനത്തെ
തേനും വയമ്പും
സമം ചേര്‍ത്തരച്ചു
അമ്മതന്‍
സ്നേഹത്തില്‍ ചാലിച്ച്
ഉണ്ണിതന്‍ നിദ്രയ്ക്കു
പകര്‍ന്നു നല്‍വതെ
താരാട്ട്...

*********************

കണ്ണുനീര്‍












കാറ്റത്തെവിടുന്നോ
പറന്നു വന്ന
ദുഖത്തിന്‍ വിത്തെന്‍
മനസ്സില്‍
പടര്‍ന്നു പന്തലിച്ചു
പൂവായ്... കായായ്...
മുളപൊട്ടിയതാവാം..

********************

വേദനയുടെ കൂരമ്പുകള്‍
വരണ്ട ഹൃദയത്തില്‍
വറ്റാ നീരുറവയായ്
ജനിയ്ക്കെ...
കര കവിഞ്ഞൊഴുകും
ജലധാരയെ.....

********************

കാര്‍മേഘത്താല്‍
മൂടപെട്ട വാനത്തെ
കുളിര്‍തെന്നല്‍ തന്‍
മടിയിലിരുത്തി
സ്വാന്ത്വനിപ്പിക്കവേ
അണപൊട്ടിയ ദുഃഖം
മഴയായ് പൊഴിയുന്നതാവാം...

********************

ചിന്തകള്‍ വാടകയ്ക്ക്


ജീവിതത്തിന്‍-
മരണപ്പാചിലിനിടയില്‍
നല് ചിന്തകളെവിടെയോ
കൈമോശം വന്നുപോയ്‌
സ്വന്തമായ്... സ്വസ്ഥമായ്...
ചിന്തിക്കുവാന്‍ നേരവുമില്ല
പുത്തനൊരെണ്ണം വാങ്ങുവാന്‍
കൈമുതലുമില്ല...
നല്ലതൊരെണ്ണം വാടകയ്ക്ക്
കിട്ടുമോ... ആവോ...?

************************

കുഞ്ഞു വരികള്‍


' ഞാനും കിനാവും '

കിനാവു കാണാന്‍
ഇഷ്ട്ടമാണെനിക്കെന്നും
ഒരു വേളയെന്‍ -
സഫലമാകാത്ത
ആഗ്രഹമെല്ലാം
പൂവണിയുന്നതിനാലാവാം

**********************

' ഞാന്‍ '

വാക്കുകളില്ലാതെ സംസാരിച്ചു
കണ്ണില്ലാതെ കാഴ്ചകള്‍ കണ്ടു
കാറ്റില്ലാതെ ശ്വസിച്ചു
ദുഖമെന്തന്നറിയാതെ ജീവിച്ചു
എന്‍ അമ്മതന്‍ ഗര്‍ഭപാത്രത്തില്‍

**********************

' റോസും - മുള്ളും '

റോസേ...
നിന്‍ ഭാഗ്യ സൌന്ദര്യത്തില്‍

മതിമറന്നെല്ലാവരും നിന്നെ
സ്വന്തമാക്കുവാന്‍ കൊതിക്കുന്നു
നിന്‍ മനസ്സറിയുന്ന ഞാനോ
കാത്തുരക്ഷിക്കുവാനും

**********************

ദൈവത്തിന്റെ വികൃതികള്‍












മുന്‍ജന്മ പാപങ്ങള്‍ ഒന്നുമില്ല
ആയതിനാലെന്തോ....
തന്നെ വിളിച്ചു കരയില്ലെന്നോര്‍ത്തു
ദൈവം ഈ ജന്മം എനിക്ക് നാവു തന്നില്ല
എന്നിരുന്നാലും സഫലമാണീ ജന്മം
പാഴ്വാക്കുകള്‍ എന്നില്‍ ജനിക്കുന്നില്ലല്ലോ

എനിക്ക് ചുറ്റും ശബ്ദിക്കുന്നവര്‍ ആയിരം
ആ ശബ്ദങ്ങള്‍ക്കൊന്നുമേ സ്ഥിരതയുമില്ല
എല്ലാം അരോചകവും
അതുകൊണ്ടുതന്നെ എനികൊന്നുമേ.....
കേള്‍ക്കുവാനാവാത്തതും സുന്ദരം
ഈശ്വരാ..... നിനക്ക് സ്തുതി....
എല്ലാം മുന്കൂട്ടിയറിഞ്ഞു നീ
കാതുകള്‍ തന്നെന്നെ വേദനിപ്പിചില്ലല്ലോ...

കാഴ്ചയില്ലാത്തതിന്റെ വേദന....
അറിഞ്ഞില്ല ഒരുനാളും
എല്ലാം അറിയുന്നു ഞാനെന്‍ അകകണ്ണില്‍
പലരും പഠിപ്പിക്കുന്നു എന്‍ ചുറ്റിലുംഉള്ളത്
അമ്മ പറഞ്ഞു പാലിന് നിറം വെളുപ്പാണെന്ന്
ചോരയുടെ നിറം ചുവപ്പാണെന്ന്....
കൂട്ടത്തില്‍ എല്ലാവരുടെയും ചോര
ഒരേ നിറമെന്നും....
എന്നിട്ടും എനിക്ക് ചുറ്റും ചോരപ്പുഴകള്‍
പച്ചനിറത്തിലും... കാവി നിറത്തിലും...
ഒഴുകുന്നുന്ടെന്നു ആരോ പറഞ്ഞറിഞ്ഞു

ദൈവമെത്ര വലിയവന്‍ .. ഞങ്ങള്‍ക്ക്
അരുതാത്തത് പറയേണ്ട
ഹീനമായത് കേള്‍ക്കേണ്ട
ഹൃദയത്തെ കീറിമുറിക്കുന്ന
കാഴ്ചകള്‍ കാണേണ്ട.....
എത്ര സുന്ദരമീ ജീവിതം
ദൈവത്തിനു നന്ദി.. ദൈവത്തിനു നന്ദി..

ഇതെല്ലാം ഒരു കേടുമില്ലാത്ത നമ്മളോ...?

*********************************

സോപ്പ്












ചിലയാളുകള്‍ക്ക്‌ ഞാന്‍ നന്നായി
പതഞ്ഞു കാണുവാനാണ് ഇഷ്ട്ടം
പതഞ്ഞില്ലെങ്കിലും വേണ്ട..
അഴുക്ക് പോയമതിയെന്നു മറ്റുചിലര്‍
എന്നാല്‍ .. മുകളില്‍ പറഞ്ഞ
രണ്ടും വേണമെന്ന് ഭൂരിഭാഗവും

എനിക്കും ഇല്ലേ ഒരു കുഞ്ഞുമനസ്സ്
അതിനുള്ളിലും ഇല്ലേ വികാരങ്ങള്‍
എന്നെയിങ്ങനെ കൊല്ലാകൊല ചെയ്യാതെ....
ഞാന്‍ പതഞ്ഞോ പതയാതെയോ
നിന്നിലെ അഴുക്ക് കളഞ്ഞാപ്പോരെ...?
എന്ന്........ സോപ്പും....!

*************************************

വിധവ












മുന്‍ജന്മ
പാപമോ എന്തോ...
സുന്ദരമായെന്‍ ജീവിതം..
ഇടിത്തീ വീണപോല്‍ വെന്തു വെന്ന്ന്നീരായി
സ്നേഹമെന്ന പട്ടാടയാല്‍ ഊഞ്ഞാല്‍ കെട്ടി
അതിലെന്നെയിരുത്തി താലോലിചെന്‍ കണവനെ
ദൈവത്തിനിഷ്ട പുത്രനായതിനാലെന്തോ..
ജീവിച്ചു കൊതി തീരും മുന്‍പേ
എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു വിധി
സമൂഹമെന്നെ വിധവയെന്നു മുദ്രകുത്തി
മൂലയിലിരുത്തി...
ശുഭാകാര്യങ്ങളില്‍ നിന്നെനിക്ക് ഭ്രഷ്ട് കല്പിച്ചു

ഇനിയെല്ലാം സഹിക്കേണ്ടവള്‍
സമാധാനം കാംക്ഷിക്കെന്ടവള്‍
എനിക്കിനി വര്‍ണക്കുപ്പായമില്ല
തൂവെള്ള നിറമുള്ള സാരിയെന്‍
അംഗ വസ്ത്രമായ്
കൈകളില്‍ ഞാനിട്ടു രസിചൊരെന്‍ -
ചില്ലുവളകള്‍ ..
ഇരുകയ്യും തമ്മിലടിച്ചു പൊട്ടിചെന്‍ -
സത്ജനങ്ങള്‍ ..
ഉദയസൂര്യന്‍ പോലെന്‍ നെറുകയില്‍
തിളങ്ങി നിന്നിരുന്നെന്‍ സിന്ദൂരം..
ഒരിക്കലും ഉദിക്കാത്ത സൂര്യനായ്
അസ്തമിച്ചു പോയ്‌....
അഗ്നി സാക്ഷിയായ് താലി ചാര്‍ത്തിയെന്‍
പതി.. അഗ്നിയില്‍ തന്നെ എരിഞ്ഞടങ്ങി..
കൂടെ എന്‍ ജീവിതത്തിലെ മധുര സ്വപ്നങ്ങളും.

പതിയില്ലാത്തെന്‍ ജീവിതമെന്തിനെന്നു
ആത്മാഹുതിക്കൊരുങ്ങിയ വേളയില്‍
ഒരു വെളിപാടെന്ന പോലെന്‍
കുഞ്ഞിന്‍ കരച്ചില്‍ ...
ഒരു മാത്രയില്‍ ഞാന്‍ ഓടി ചെന്ന്
തൊട്ടിലില്‍ നിന്നും വാരിയെടുത്ത്
തുടരെ ചുംബിചെന്‍ ഓമനയെ..
മടിയിലിരുത്തി താരാട്ട് പാടിയവന്‍
വിശപ്പാറ്റുന്ന വേളയില്‍ ...
ഒരു മന്ത്രം പോല്‍ ഞാനുരുവിട്ടു
ഇവിടെ തീരേണ്ടതല്ലെന്‍ ജന്മം
തുടരുകയെന്‍ പൊന്നോമനയ്ക്കായ്.....!
ഇവിടെ തീരേണ്ടതല്ലെന്‍ ജന്മം
തുടരുകയെന്‍ പൊന്നോമനയ്ക്കായ്.....!

*******************************

ഈയല്‍ (ഈയാംപാറ്റ)


പുതുമാരിതുള്ളികള്‍
മണ്ണിന്‍ വിരിമാറിലാഴ്ന്നിറങ്ങി
ഒട്ടിയുണങ്ങിയ തന്‍ തൊണ്ടക്ക് -
ദാഹജലമായ് പെയ്തിറങ്ങിയ വേളയില്‍
ഭൂമിദേവിയാം എന്നമ്മ.... തന്‍ ഉദരത്തില്‍
നിന്നെന്നെ കൈപിടിച്ചാനയിച്ചു ഈ പാരിലേക്ക്
വിളക്കേന്തിയ താലമായ്...
മിന്നലാലംഗൃതമായ ആകാശവും
കൊട്ടും കുരവയുമായ് ഇടിമുഴക്കവും
എന്നെ സ്വാഗതം പറഞ്ഞു വരവേറ്റു
ജന്മം കൊണ്ട സന്തോഷത്തിലെന്‍ -
കുഞ്ഞിചിറകു വിരിച്ചു സഹോദരങ്ങള്മൊത്തു
വെട്ടത്തെ നോക്കി പാറിപ്പറന്നു
കുശലം പറയുവാനായ്...
തമ്മില്‍ കെട്ടിപിടിച്ചും ഉമ്മവെച്ചും
ഞങ്ങള്‍ തന്‍ ജന്മദിനം ആടിതിമിര്‍ക്കവേ..
നിനച്ചിരിക്കാതെ....
ആ നേരത്തെനിക്കൊരു തളര്‍ച്ചപോല്‍
വളരെ വേദനയോടെ ഞാനറിഞ്ഞു
വെറുമൊരു പാഴ് പുഴുവായ്
ചിറകറ്റു താഴെ വീഴുകയാണെന്ന്....
ദൈവത്തിനു പറ്റിയ കൈപിഴ..
മുന്‍പേ അറിഞ്ഞ മട്ടിലെന്നോ
പല്ലിയും തവളയും അരണയും
ഇലവിരിച്ചു കാത്തിരുന്നു തന്‍ അത്താഴതിനായ്
അറിഞ്ഞിരുന്നിലെനിക്ക് അല്പായുസെന്നു
ഒരു സൂചന തന്നിരുന്നുവെങ്കില്‍ ....
സൃഷ്ടിയോട്‌ ചോദിക്കുമായിരുന്നു
അറിഞ്ഞു തുടങ്ങുമുന്നെ ഉരുകിതീരുന്ന
ഈ ജന്മം എന്തിനെന്നു....?
ഞൊടിയിടയില്‍ എല്ലാം നിലച്ചു...
താലത്തിലെ വിളക്കണഞ്ഞു
വാദ്യഘോഷമെല്ലാം കെട്ടടങ്ങി
ഒപ്പം എന്റെയീ ജന്മവും.......!

*******************************

ആരാണ് കേമന്‍ ...?


















കൂട്ടത്തില്‍ ഇളയതും
ചെല്ലപ്പിള്ളയും ഞാനാണ്
അതുകൊണ്ട്...
ഞാന്‍ തന്നെ കേമനെന്ന്
ചെറുവിരല്‍ ....

ഏയ്‌ അല്ലല്ല...
മംഗള കര്‍മങ്ങള്‍ക്കും
ശുഭാകാര്യങ്ങള്‍ക്കും
എന്നെയാണ്
എല്ലാവരും ആശ്രയിക്കുക
ആയതിനാല്‍
ഞാന്‍ തന്നെ കേമനെന്ന്
മോതിരവിരല്‍ .

മധ്യത്തില്‍
ഞാനെന്നും
എന്‍ ഇരുവശങ്ങളിലെ
കാവല്‍ പട്ടാളമാണ്
മറ്റു വിരലുകലെന്നു
നടുവിരല്‍ ....

സമ്മതിക്കില്ല...
കൂട്ടത്തില്‍
ആജ്ഞാപനശക്തിയും
കാര്യ നിയന്ത്രണവും
എനിക്ക് സ്വന്തമെന്നു
ചൂണ്ടുവിരല്‍ .

വെല്ലുവിളി ഏറ്റെടുക്കാനും..
നിങ്ങളോരുരുതരുടെയും ജോലി -
ഭംഗിയായി ചെയ്തു തീര്‍ക്കുവാന്‍
ഞാന്‍ കൂടി ചേര്‍ന്നാലേ കഴിയൂ
എന്ന്
തള്ളവിരലും

എന്നാല്‍ ....
നിങ്ങള്‍ അഞ്ചുപേരും
വേറെ വേറെ അല്ലാതെ
ഒന്നിച്ചു നിന്നാലെ
പ്രയോജനമുള്ളുവെന്നും,
നിങ്ങളുടെ ബലമെന്നത്
പരസ്പര സഹകരണ
മനോഭാവതോടെയുള്ള
ഒത്തോരുമയാനെന്നു ഞാനും....!

" ഐക്യമത്യം മഹാബലം "

***************************

ഒരു സൈക്കിളിന്‍ ആത്മഗതം
















അന്നു ഞാന്‍ നിനക്കെല്ലാമായിരുന്നു
എന്നും കുളിപ്പിച്ചു.. പൊട്ടു തൊടീച്ചു-
നീയെന്നെ കൂടുതല്‍ സുന്ദരിയാക്കി
കൂടെ കൊണ്ടു നടന്നു-
ഒരു കൂടാപ്പിറപ്പായ്... കളിതോഴിയായ്....
എന്‍ പുറത്തേറിയാനന്ദിച്ച നിന്‍
നാനന്ദത്തില്‍ ഞാനും മെയ്മറന്നു
എനിക്കാടയാഭരണമായ് ലൈറ്റും
ഡയനോമയും നീ സമ്മാനിച്ചു
എന്‍ അസാന്നിധ്യത്തില്‍
നിനക്കന്നൊരു പ്രണയമില്ലായിരുന്നു!
ഇന്നു ഞാന്‍ നിനക്ക് അന്യയായിരിക്കുന്നു...
എനിയ്ക്കു പകരം ഹോണ്ടയും പാഷനും
നിനക്കിന്നു പ്രിയമേറിയവളായ്...
സീ സീ കളുടെ പിന്നാലെ പോയ നീ
നിന്‍ ഉച്വാസ വായുവേ, പ്രാണവായുവാക്കിയ -
പഴയ കളിതോഴിയെ പാടെ മറന്നുപോയ്‌
എന്‍ പാഴ് മനസ്സിലൊരു തോറ്റം..
ഒരു നാള്‍ നീയെന്നെ തേടി വരുമെന്ന്‍
പുത്തന്‍ കൂട്ടുകാരികളെ -
ബ്യൂടി പാര്‍ലര്‍കളില്‍ കേറ്റി
നിന്‍ മടിശീലയിന്‍ കനം കുറയുമ്പോള്‍
എന്നെത്തേടി നീ വരുമെന്നൊരു പാഴ് മോഹം...
ആ നാള്‍ അധിവിദൂരമല്ലെന്നതെ സത്യം!


***************************************

വാസ്തു മത്സ്യം














ഞാന്‍ ഏകനാണ് . ...
വെള്ളം കെട്ടി നിര്‍ത്തിയ

ഈ ചില്ലുപെട്ടിയാണ് എന്റെ കൊട്ടാരം
ഇവിടെ ഞാനെ രാജ.. ഞാന്‍ തന്നെ മന്ത്രിയും..
എനിക്കിവിടെ ബന്ധുവില്ല... ശത്രുവുമില്ല....
ഞാനെങ്ങനെ ഇവിടെ എത്തിപെട്ടു
എന്നതില്‍ എനിക്കൊരു നിശ്ചയവുമില്ല..
എന്റെ ഏകാന്ദത മനുഷ്യന്റെ നന്മയാനെന്നു
മൂഡന്‍ വിളിച്ചു പറയുന്നു വിവരമില്ലാതെ....
തീറ്റകള്‍ കാണിച്ചവനെന്നെ മാടി വിളിക്കും
ഞാനത് കണ്ടു ഓടി ചെല്ലും.... എന്‍ കൊട്ടാര
ചുമര് കൊണ്ടെന്റെ ചുണ്ടുകള്‍ മുറിയും
എന്നെ പറ്റിചെന്നോര്ത്തവന്‍
ആര്‍ത്താര്‍ത്തു ചിരിക്കും....
വേദനകൊണ്ടെന്റെ കണ്ണുകള്‍ നിറയും
വെള്ളതിലാണല്ലോ എന്‍ താമസം
എന്‍ കണ്ണ് നീരാരുണ്ട് കാണാന്‍ ...?
ബാല്യം എന്‍ ഓര്‍മയില്‍ നിന്നും
മാഞ്ഞു തുടങ്ങി...
കടവില്‍ അമ്മയുമൊത്ത്
കളിച്ചു നടന്നതും....
കൂടപിറപ്പുകള്‍ക്കൊപ്പം
നീന്തി തുടിച്ചതും....
എല്ലാം എല്ലാം എന്‍ ഓര്‍മയില്‍ നിന്നും
തേഞ്ഞു തുടങ്ങി....
എന്റെ ജീവിതം ഈ ചില്ല് കൂട്ടില്‍
കരിഞ്ഞോടുങ്ങി....
ഇനി ഈ ജന്മം എനിക്കില്ലെന്‍ ബാല്യം...!
ഇനി ഈ ജന്മം എനിക്കില്ലെന്‍ ബാല്യം...!


***********************************

നിന്നോളമില്ലൊരു കവിത


കവിത രചിക്കുവാന്‍ കൊച്ചു നേരം
സവിധത്ത് വന്നൊന്നു ഇരിക്കുമോ നീ
അവികസിതമാം പൊന്‍ കാഴ്ച്ചയില്‍
കഥയോന്നുര ചെയ്യാം പൊന്കിടാവേ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
നീ വന്നെന്മുന്നില്‍ ഇരുന്ന നേരം...
നിന്നെ കണ്ടാമാത്രയില്‍ ഞാന്‍
അക്ഷരങ്ങള്‍ പകര്‍ത്തുവാന്‍ മറന്നു പോയി...
കണ്ണിനു വാര്‍മഴവില്ലായ്‌
കാഴ്ചയില്‍ വന്ന നീ....
ചാറ്റല്‍ മഴയായ്..
എന്‍ മനസ്സിനെ കുളിരണിയിച്ചു
മെയ്യ് മറന്നങ്ങു ഞാന്‍ നിന്നു പോയി
ഹൃദയ തുടിപ്പുകള്‍ പോലും
സ്തംബമായി....
ഇന്ന് ഞാനറിയുന്നു വലിയ സത്യം
നിന്നോളമില്ലൊരു കവിതയെന്നും....!

*******************************

അധികമായാല്‍

വായില്‍ ...
പഞ്ചാര വാക്കുമായ്
നില്‍ക്കുന്ന
പരിഷ്കാര ലോകമേ...
നിന്നിലെ
ഒന്നിനെയും
ഒരു പരിധി വിട്ടു
സ്നേഹിച്ചു കൂടാ..
സ്വന്തമെന്നു
വിചാരിക്കുന്ന പലതും
നിന്നെ
അന്യനായി കാണുന്നു...
ഇനിയും
അറിഞ്ഞില്ലേ നീ...
അധികമായാല്‍
അമൃതവും വിഷമെന്നു!

*******************