2011, ജൂൺ 3, വെള്ളിയാഴ്‌ച

ഈയല്‍ (ഈയാംപാറ്റ)


പുതുമാരിതുള്ളികള്‍
മണ്ണിന്‍ വിരിമാറിലാഴ്ന്നിറങ്ങി
ഒട്ടിയുണങ്ങിയ തന്‍ തൊണ്ടക്ക് -
ദാഹജലമായ് പെയ്തിറങ്ങിയ വേളയില്‍
ഭൂമിദേവിയാം എന്നമ്മ.... തന്‍ ഉദരത്തില്‍
നിന്നെന്നെ കൈപിടിച്ചാനയിച്ചു ഈ പാരിലേക്ക്
വിളക്കേന്തിയ താലമായ്...
മിന്നലാലംഗൃതമായ ആകാശവും
കൊട്ടും കുരവയുമായ് ഇടിമുഴക്കവും
എന്നെ സ്വാഗതം പറഞ്ഞു വരവേറ്റു
ജന്മം കൊണ്ട സന്തോഷത്തിലെന്‍ -
കുഞ്ഞിചിറകു വിരിച്ചു സഹോദരങ്ങള്മൊത്തു
വെട്ടത്തെ നോക്കി പാറിപ്പറന്നു
കുശലം പറയുവാനായ്...
തമ്മില്‍ കെട്ടിപിടിച്ചും ഉമ്മവെച്ചും
ഞങ്ങള്‍ തന്‍ ജന്മദിനം ആടിതിമിര്‍ക്കവേ..
നിനച്ചിരിക്കാതെ....
ആ നേരത്തെനിക്കൊരു തളര്‍ച്ചപോല്‍
വളരെ വേദനയോടെ ഞാനറിഞ്ഞു
വെറുമൊരു പാഴ് പുഴുവായ്
ചിറകറ്റു താഴെ വീഴുകയാണെന്ന്....
ദൈവത്തിനു പറ്റിയ കൈപിഴ..
മുന്‍പേ അറിഞ്ഞ മട്ടിലെന്നോ
പല്ലിയും തവളയും അരണയും
ഇലവിരിച്ചു കാത്തിരുന്നു തന്‍ അത്താഴതിനായ്
അറിഞ്ഞിരുന്നിലെനിക്ക് അല്പായുസെന്നു
ഒരു സൂചന തന്നിരുന്നുവെങ്കില്‍ ....
സൃഷ്ടിയോട്‌ ചോദിക്കുമായിരുന്നു
അറിഞ്ഞു തുടങ്ങുമുന്നെ ഉരുകിതീരുന്ന
ഈ ജന്മം എന്തിനെന്നു....?
ഞൊടിയിടയില്‍ എല്ലാം നിലച്ചു...
താലത്തിലെ വിളക്കണഞ്ഞു
വാദ്യഘോഷമെല്ലാം കെട്ടടങ്ങി
ഒപ്പം എന്റെയീ ജന്മവും.......!

*******************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ