2011, ജൂലൈ 26, ചൊവ്വാഴ്ച

രണ്ടക്ഷരങ്ങള്‍

അമ്മയെക്കുറിച്ചെഴുതപ്പെടാത്ത
കാവ്യങ്ങളില്ല
വര്‍ണിക്കാത്ത കവിഹൃദയങ്ങളില്ല
എന്നിട്ടും,
എഴുതുവാനൊരു മോഹം!
പുതുമയാര്‍ന്ന വരികളെത്തേടി
പഴമയാര്‍ന്ന അക്ഷരങ്ങളിലൂടെ
ഒരു യാത്ര...,

സ്നേഹച്ചരടില്‍ കോര്‍ത്തു നോക്കി
ഇതു നങ്ങേലിയല്ലേ..!
തപം ചെയ്തു പെറ്റെടുത്ത-
ഉണ്ണിയ്ക്കു വേണ്ടി, പൂതത്തിനു
കണ്ണുകള്‍ ചൂഴ്ന്നു നല്‍കിയ അമ്മ.

വേദനയാലടുക്കി വെച്ചു,
പുത്രവിയോഗത്താല്‍
ചങ്കുപൊട്ടി നിലവിളിക്കുന്ന
മാമ്പഴത്തിലെ അമ്മയല്ലേയിതു.

ദയ, കാരുണ്യം, സഹനം,
എന്നിവയെ സമംചേര്‍ത്തു
വരച്ചു നോക്കി..,
അന്‍വറിന്റെ, അച്ചുവിന്റെ,
ആലീസിന്റെ അമ്മമാരല്ലേ
ക്യാന്‍വാസില്‍ തെളിയുന്നത്..!

വയ്യ,
ഇനിയും വയ്യെനിക്ക്
പുതുമതേടിയുള്ള യാത്രക്കിടയില്‍ -
ഞാനും കുറിക്കട്ടെ
പഴമയുടെ രണ്ടക്ഷരങ്ങള്‍

" അമ്മ "

********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ