2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

വൈകല്യം

എഴുതപ്പെടുന്ന മനസ്സിലെ
കാണാക്കാഴ്ച്ചകളില്‍
കഥപറയുന്ന അക്ഷരങ്ങളാല്‍
കവിതപാടുന്ന വാക്കുകളാല്‍
ജന്മം കൊള്ളുന്ന-
ജീവന്റെ തുടിപ്പുകള്‍ !

കാലുകളില്ലാത്തവര്‍
കൈകളാലും
കണ്ണുകളില്ലാത്തവര്‍
കാതുകളാലും
വിധിയെത്തോല്‍പ്പിച്ചു
ജീവിക്കുന്നയിവര്‍
വികലാംഗരെങ്കില്‍ ..,

സമ്മിശ്ര ആസ്വാദകലോകത്ത്
സ്വസുഖം കാംഷിക്കുവാന്‍
പോരായ്മകളെ-
ചൂഷണം ചെയ്തു
തളിരിട്ട പുല്‍നാമ്പിഞ്ചോട്ടില്‍
കനല്‍വാരിയെറിയുന്ന
മനോവൈകല്യത്തെ
എന്തു പേരിട്ടു വിളിക്കാം..?

************************

സുവര്‍ണ്ണകാലം

മൂടുകീറിയ ട്രൌസറിന്റെ
പോക്കറ്റില്‍ ഗോട്ടികളും,
പമ്പരവും നിറച്ച്
പിന്നു കുത്തിയ ഷര്‍ട്ടുമിട്ട്

കുഞ്ഞുനാളിലെ...
വേനലവധിക്കാലത്ത്
പഴങ്കഞ്ഞി നുണഞ്ഞു
കൂട്ടുകാരുമൊത്തു
വിണ്ടുകീറിയ പാടത്ത്
പന്തുത്തട്ടി കളിച്ചതും

ഉച്ചയൂണിനു പകരമായ്
എറിഞ്ഞിട്ട മൂവാണ്ടനും
ചുട്ടെടുത്ത കപ്പയും
കഴിച്ചു വിശപ്പടക്കിയതും

പടിപ്പുരവീട്ടിലെ
കിണര്‍വെള്ളം
കോരികുടിച്ചു
ദാഹം മാറ്റിയതും

അന്തിക്കു വീടണയാന്‍
വൈകിയ വേളയില്‍
അച്ഛന്റെ പുളിവാറുകലെ-
ന്നില്‍ ആഞ്ഞുപതിച്ചതും

അണപൊട്ടിയ കണ്ണുനീര്‍
അമ്മയുടെ സാരിതുമ്പിനോടു
പരിഭവം പറഞ്ഞതും

എല്ലാം... എല്ലാമെല്ലാം..
മധുരിക്കുന്ന ഓര്‍മകളായ്
നിറയുന്നെന്‍ നെഞ്ചകം

ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയും

രുചിച്ചറിഞ്ഞ, അന്നാളുകളില്‍
മീനചൂടുപോലുമെന്നെ
പൊള്ളിച്ചിരുന്നില്ല..!

***********************

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

വികലസൃഷ്ടി

പൊട്ടുകുത്താറില്ല
കണ്ണെഴുതാറില്ല
വളയോ, മാലയോ,
പാദസരമോ,അവള്‍-
ധരിച്ചു കണ്ടിട്ടുമില്ല.

എഴുതാത്ത കണ്ണും
കുറിതൊടാത്ത നെറ്റിയും
ആഭരണങ്ങളണിയാ
അംഗങ്ങളുമാണവള്‍ക്കു
ഭംഗിയെന്നെല്ലാവരും
പാടിപുകഴ്ത്തുന്നു.

ചമയക്കോപ്പുകള്‍ക്കു-
അടിമപ്പെടാതിരുന്നിട്ടും
അമ്മ പറഞ്ഞു,
അനുസരണകാട്ടാതെ
നടന്നു.. നടന്നു
നാട്ടുകാരെക്കൊണ്ട്‌
പറയിക്കുമിവളെന്ന്..!

*******************

ഞാന്‍ കവി

കരിങ്കല്‍പാളിയെ-
അഹോരാത്രം
ചെത്തിമിനുക്കി
മെനഞ്ഞെടുത്തതാണീ
ശില്‍പ്പം!

ഇതെന്റെ കാവ്യശില്പം
അതുകൊണ്ടുതന്നെ,
മാറു മറയ്ക്കാന്‍ മറന്നതല്ല
രതിയെന്നു നീ കരുതണം
ചീകി ഒതുക്കാന്‍ വിട്ടതുമല്ല
കാറ്റത്ത്‌ പാറിയതെന്നു
നീ മനസ്സിലാക്കണം.

ഇതില്‍ ,
വക്കുടഞ്ഞ വാക്കുകളില്ല
അരികുപൊട്ടിയ പദങ്ങളുമില്ല
നിനക്കിതു ചേര്‍ത്തുവായിക്കുവാന്‍
കഴിഞ്ഞില്ലെങ്കില്‍
നീ വായനക്കാരനുമല്ല!

അതെ,
ഇതു കവിത
ഇതാണ് കവിത !
ഞാന്‍ തന്നെ കവിയും !!!

**********************

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

വിളക്ക്

















ചെറു പുഞ്ചിരിയോടെ
ശാന്തമായ്..
കാറ്റത്തൊന്നു ഇളകിയാടി
പ്രതിസന്ധികളില്‍ തളരാതെ
ആത്മവിശ്വാസത്തിന്റെ-
പ്രതിരൂപമായ്
ഇരുട്ടിനെ പ്രകാശമാക്കി
എരിഞ്ഞടങ്ങുമ്പോഴും !
ബാക്കിയാവുന്നത്,
വെളിച്ചത്താല്‍ എഴുതപ്പെട്ടൊരു
ജീവിതകഥയോ..?
അതോ..
കരിന്തിരി കത്തിയമര്‍ന്ന
ധൂമപടലങ്ങലോ..?

***********************

നുണക്കുഴി

ചിരിക്കുമ്പോള്‍
കവിളില്‍ തെളിയുന്നത്,
നുണക്കുഴിയാണെന്നാണ്
അവള്‍ പറയാറുള്ളത്

എന്നാല്‍ ..,
നേരിന്റെ-
കുഴികളായതിനാലാവാം,
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും
ചിരിമാഞ്ഞ മുഖത്തു
മായാതെ നിലകൊള്ളുന്നത്

**********************