2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

സുവര്‍ണ്ണകാലം

മൂടുകീറിയ ട്രൌസറിന്റെ
പോക്കറ്റില്‍ ഗോട്ടികളും,
പമ്പരവും നിറച്ച്
പിന്നു കുത്തിയ ഷര്‍ട്ടുമിട്ട്

കുഞ്ഞുനാളിലെ...
വേനലവധിക്കാലത്ത്
പഴങ്കഞ്ഞി നുണഞ്ഞു
കൂട്ടുകാരുമൊത്തു
വിണ്ടുകീറിയ പാടത്ത്
പന്തുത്തട്ടി കളിച്ചതും

ഉച്ചയൂണിനു പകരമായ്
എറിഞ്ഞിട്ട മൂവാണ്ടനും
ചുട്ടെടുത്ത കപ്പയും
കഴിച്ചു വിശപ്പടക്കിയതും

പടിപ്പുരവീട്ടിലെ
കിണര്‍വെള്ളം
കോരികുടിച്ചു
ദാഹം മാറ്റിയതും

അന്തിക്കു വീടണയാന്‍
വൈകിയ വേളയില്‍
അച്ഛന്റെ പുളിവാറുകലെ-
ന്നില്‍ ആഞ്ഞുപതിച്ചതും

അണപൊട്ടിയ കണ്ണുനീര്‍
അമ്മയുടെ സാരിതുമ്പിനോടു
പരിഭവം പറഞ്ഞതും

എല്ലാം... എല്ലാമെല്ലാം..
മധുരിക്കുന്ന ഓര്‍മകളായ്
നിറയുന്നെന്‍ നെഞ്ചകം

ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയും

രുചിച്ചറിഞ്ഞ, അന്നാളുകളില്‍
മീനചൂടുപോലുമെന്നെ
പൊള്ളിച്ചിരുന്നില്ല..!

***********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ