2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒഴുകുന്ന പുഴ

ഞാനൊഴുകുകയാണ്,
മണല്‍പ്പരപ്പിനെ ചുംബിച്ച്
പുല്‍നാമ്പുകളെ കുളിരണിയിച്ച്
വെള്ളാരംകല്ലുകളെ മാറോടുചേര്‍ത്തി
പതഞ്ഞു നിറഞ്ഞൊഴുകുകയാണ്

പിണങ്ങിപ്പോയ പൂവാലിയവള്‍
ദാഹം മാറ്റാന്‍ വന്നിട്ടുണ്ട്
വഴിമാറി പറന്ന കൊറ്റികള്‍
എന്നരികില്‍ തപസ്സിലാണ്

ജീവിതപ്രശ്നം,
തീര്‍ക്കുവാനുള്ള നെട്ടോട്ടത്തിലാണ്
പൊന്മാനും, പരല്‍മീനും.
ഹാ, നെല്‍ക്കതിരവളുടെ
പുഞ്ചിരിയൊന്നു കാണേണ്ടത് തന്നെ!

ആരാണിപ്പോള്‍,
കുപ്പിവെള്ളം കൊണ്ട്
മുഖം കഴുകിയത്
ടിപ്പറിന്‍ കൊലച്ചിരിയെന്‍
ചെവിക്കല്ലു പൊട്ടിക്കുന്നല്ലോ..!

*************************

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ചെല്ലാക്കാശ്‌

















കാലപ്പഴക്കത്തില്‍

നോട്ടില്‍ തുളവീണു
തുടങ്ങിയിരിക്കുന്നു

കുറച്ചുനാള്‍ കൂടി
മണ്ണെണ്ണ വാങ്ങിക്കാനോ
കറന്റ്‌ ബില്ലടക്കാനോ
ടേപ്പൊട്ടിച്ചുപയോഗിക്കാം

മടക്കിന്റെയെണ്ണം
കൂടിയതിനാലാവാം
നിവരാ ചുളിവുകള്‍.

ഇനിയിപ്പോ,
ചെല്ലാക്കാശ്‌
ഏതു ബാങ്കിലാ
ഒന്നു മാറിക്കിട്ടുക..?

****************

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

നിനവുകള്‍

നിനച്ചുപോയ്‌ ഞാന്‍
പൂവായ്
പുഞ്ചിരി തൂകിയവളെ,
എന്നില്‍ നിന്നും
പറിച്ചെടുത്ത നാളുകള്‍ .

കാറ്റേ...

നീ,
കവര്‍ന്നെടുത്ത ഇതളുകള്‍
തിരികെ തരുവാന്‍ കഴിയില്ലെങ്കില്‍
തെക്കോട്ടുള്ള നിന്റെ യാത്രയില്‍
ഞാന്‍ കൂടി പോന്നോട്ടെ..?

നിനക്കാതിരിക്കാന്‍
ആവില്ലെനിക്ക്,
നിനവേ
അവളാകുമ്പോള്‍.!

**********************

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഒരു ചോദ്യം

ആരോടും
അനുവാദം ചോദിക്കാതെ
തെല്ലും ശങ്കയില്ലാതെയെന്റെ
ആണിവേരും പിഴുത്
യാത്രയാകുന്ന
മരണമേ..
നിനക്കു മാത്രം,
എന്തേ.. മരണമില്ലാത്തെ..?

**********************