2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

വാടാനോ പൂക്കുന്നത്..?

മഞ്ഞുകണങ്ങളെ
മാറോടുചേര്‍ത്ത്
വിടരാന്‍ കാത്തിരുന്ന
പൊന്‍പുലരി

മൃദുസ്പര്‍ശനസുഖമാസ്വദിച്ച്
ശലഭവുമായ് കുശലംപറയവേ..
വണ്ടായ് വന്നു, തേന്‍നുകര്‍ന്ന
മദ്ധ്യാനവെയില്‍

വിശപ്പാറ്റി കൂടണയും
കുഞ്ഞിക്കിളിയുടെ
കുറുമൊഴികളുമായ്
സായംസന്ധ്യ

ഇരുളടഞ്ഞ ദിനാന്ത്യത്തില്‍
ഉതിര്‍ന്നുവീഴുന്ന ദളങ്ങളില്‍
നിന്നറിയാതെയുയരുന്നു രോദനം
വാടാനോ പൂക്കുന്നത്...?

*********************

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

സത്രം

എവിടെയോ വായിച്ചു
മറന്നുവെച്ച വരികള്‍
ചിതല്‍പോലെന്നുള്ളം
കാര്‍ന്നു തിന്നവേ,
മനസ്സിലെഴും
വേദനയ്ക്കാശ്വാസമായ്
ഏതു തച്ചനാണ്
അക്ഷരങ്ങളാലൊരു
സത്രം പണിതുതരുക.?

*****************

2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

അവളുടെ കണ്ണുകള്‍

വര്‍ണശലഭത്തിന്‍
ചിറകടിപോല്‍
കണ്ണിമകള്‍

കരയെ ചുംബിച്ചകലും
തിരയെപോലവളുടെ
കുസൃതി നോട്ടങ്ങള്‍

പരിഭവത്തിന്‍
ചിണുങ്ങലുമായ്‌
കൃഷ്ണമണികള്‍

എന്റെ സുഖദുഃഖങ്ങളില്‍
ഋതുക്കള്‍ മാറിമറയും
മിഴിയോരങ്ങള്‍

അല്ലെങ്കിലും,
ആരും കാണാതെ
ഒളിപ്പിച്ചു വെയ്ക്കുന്നെന്റെ
മനസ്സ് വായിക്കാന്‍
അവളുടെ കണ്ണുകള്‍ക്കല്ലേ
കഴിയാറുള്ളൂ..!

*******************

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ജീവിതം

വിരല്‍പതിയാ-
ഹാര്‍മോണ്യത്തില്‍
തപസ്സിരിക്കും
സ്വരംചേരാ രാഗങ്ങള്‍

ശ്രുതിയൊന്നു മീട്ടുവാന്‍
ഇരുനിറ കട്ടകള്‍
ഇണചേര്‍ന്ന് നില്‍ക്കുന്നു
നിന്‍ സ്പര്‍ശനത്തിനായ്

താളത്തിനായ്
ചലിയ്ക്കും വിരലുകള്‍
താളത്തിനൊത്തു
തുള്ളുന്ന നേരം

വിരലൊന്നു മാറിയാല്‍
ശ്രുതിയൊന്നു തെറ്റിയാല്‍
കാതില്‍ മുഴങ്ങുന്നു
മരണഗീതം !

******************