2011, നവംബർ 24, വ്യാഴാഴ്‌ച

രോദനം

ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍,
പലമുഖങ്ങളൊരുമനമായ്
നീര്‍ക്കുമിളയിന്‍ ചാരുതയോടെ
സൌഹൃദങ്ങള്‍ പങ്കുവെയ്ക്കവേ...

സച്ചിനും.. സേവാഗും..
ലാലും, മമ്മൂക്കയും,
വി.എസ്സും, കുഞ്ഞൂഞ്ഞും
കൈകോര്‍ത്തു പൊട്ടിച്ചിരിക്കുന്നു

സമാന്തരപാതയിലെ,

തണ്ണീര്‍പ്പന്തലായ്..
ചായയും, കാപ്പിയും,
മിനറല്‍വാട്ടറുമെന്റെ
ദാഹം മാറ്റിയകലുമ്പോഴും,

തുറന്നിട്ട ജനല്‍പ്പാളിയിലൂടെ
വീശിയടിച്ച കാറ്റിനെത്തോല്‍പ്പിച്ച്
ആരാലും ശ്രദ്ധിക്കപ്പെടാതെ
കരുവാളിച്ച മരപ്പെട്ടിയില്‍നിന്നും,
വിശക്കുന്നവന്റെ രോദനം
മുഴങ്ങിക്കൊണ്ടേയിരുന്നു!

തുഛെ ദേകാ തോ യെ ജാന സനം
...................................................

****************************

2011, നവംബർ 14, തിങ്കളാഴ്‌ച

പരിണാമം

തിളച്ച വേനലിന്റെ തണുപ്പ്
കൊടിയമഴയുടെ ചൂട്
മരംകോച്ചും വസന്തത്തില്‍
മന്ദാരപ്പൂ ചൂടിയ മകരം

ഉപമകളുടെ-
വിരോധാഭാസങ്ങളില്‍
ആസ്വാദനത്തിന്റെ
മേളതാളങ്ങള്‍!

പഞ്ചതന്ത്രകഥകളില്‍
ഉണരാത്ത ഉറക്കത്തിന്‍
ചുവടുപിടിച്ച;
മയില്‍ നടനവും, കുയില്‍ നാദവും!

കിഴക്കിന്റെ ധര്‍മ്മം
പടിഞ്ഞാറായതിനാലാണോ..,
സിംഹം ഗര്‍ജ്ജിക്കാന്‍ മറന്നതും!
ആന മൗനവ്രതം തുടങ്ങിയതും!!

***********************

2011, നവംബർ 4, വെള്ളിയാഴ്‌ച

കുഞ്ഞുവരികള്‍

ശത്രു
-----

ഒരുമാത്രയകലാതെയവളെ
കണ്ടുകൊണ്ടിരിക്കണമെന്നെന്റെ
ആഗ്രഹത്തിനു തടസ്സം നില്‍ക്കും
'കണ്ണിമ'

************************

എന്റെ ഹൃദയം
---------------

കൊളുത്തിയ ദീപം
തെളിയാന്‍ മറന്നുവെങ്കിലും
ഇന്നും,
നീറി.. നീറി..
പുകഞ്ഞുകൊണ്ടേയിരിക്കുന്നു
അവളുടെ ഓര്‍മകളില്‍!

**********************