Follow by Email

2011, ജൂലൈ 26, ചൊവ്വാഴ്ച

രണ്ടക്ഷരങ്ങള്‍

അമ്മയെക്കുറിച്ചെഴുതപ്പെടാത്ത
കാവ്യങ്ങളില്ല
വര്‍ണിക്കാത്ത കവിഹൃദയങ്ങളില്ല
എന്നിട്ടും,
എഴുതുവാനൊരു മോഹം!
പുതുമയാര്‍ന്ന വരികളെത്തേടി
പഴമയാര്‍ന്ന അക്ഷരങ്ങളിലൂടെ
ഒരു യാത്ര...,

സ്നേഹച്ചരടില്‍ കോര്‍ത്തു നോക്കി
ഇതു നങ്ങേലിയല്ലേ..!
തപം ചെയ്തു പെറ്റെടുത്ത-
ഉണ്ണിയ്ക്കു വേണ്ടി, പൂതത്തിനു
കണ്ണുകള്‍ ചൂഴ്ന്നു നല്‍കിയ അമ്മ.

വേദനയാലടുക്കി വെച്ചു,
പുത്രവിയോഗത്താല്‍
ചങ്കുപൊട്ടി നിലവിളിക്കുന്ന
മാമ്പഴത്തിലെ അമ്മയല്ലേയിതു.

ദയ, കാരുണ്യം, സഹനം,
എന്നിവയെ സമംചേര്‍ത്തു
വരച്ചു നോക്കി..,
അന്‍വറിന്റെ, അച്ചുവിന്റെ,
ആലീസിന്റെ അമ്മമാരല്ലേ
ക്യാന്‍വാസില്‍ തെളിയുന്നത്..!

വയ്യ,
ഇനിയും വയ്യെനിക്ക്
പുതുമതേടിയുള്ള യാത്രക്കിടയില്‍ -
ഞാനും കുറിക്കട്ടെ
പഴമയുടെ രണ്ടക്ഷരങ്ങള്‍

" അമ്മ "

********************

2011, ജൂലൈ 25, തിങ്കളാഴ്‌ച

നിലയ്ക്കാത്ത ഹൃദയത്തുടിപ്പുകള്‍

ഇടുപ്പില്‍ കെട്ടിയ കയറില്‍ -
ഉയിരിനെ ഏല്‍പ്പിച്ച്
പാറമടയുടെ ഉയരങ്ങളില്‍
മലപിളര്‍ക്കാന്‍ കുത്തിയ
കുഴിയിലെ തിരിയില്‍
പാതിവലിച്ച ബീഡി കുത്തി
ഉറ്റവരുടെ കാത്തിരിപ്പും
കൈവെള്ളയില്‍ ചുരുട്ടി
ഓടിയകലാനിടറിയ വേളയില്‍ ,
പൊട്ടിച്ചിതറിയ പാറകള്‍ക്കിടയില്‍
പെറുക്കിക്കൂട്ടിയ-
എല്ലിന്ക്കഷ്ണങ്ങള്‍ക്ക് മീതെ
കെട്ടഴിഞ്ഞ പണച്ചാക്കില്‍
മഞ്ഞളിച്ച നിയമത്തിന്‍ കണ്ണുകള്‍ .

കരിങ്കല്‍ ചീളിന്റെ മൂല്യമില്ലാതെ
ആരുടേയും കണ്ണില്‍പ്പെടാതെ
എവിടെയും കുറിക്കപ്പെടാതെ
പൊലിയുന്ന ജീവിതങ്ങള്‍ ,
ഓര്‍മകളില്‍ നിന്നുപോലും
പിഴുതെറിയപ്പെടുന്ന
ഹോമക്കുരുതികളുടെ
നിണത്തിന്‍ ചൂടാറുംമുമ്പേ
മടകളില്‍ മുഴങ്ങിത്തുടങ്ങിയിരുന്നു
വിശക്കുന്നവന്റെ-
ഹൃദയത്തുടിപ്പിന്‍ കാഹളം!

*********************

2011, ജൂലൈ 21, വ്യാഴാഴ്‌ച

ഏകാന്തത

വേര്‍പാടിന്റെ വേദനയില്‍
നീര്‍ച്ചാലുകള്‍
കവിളില്‍ തടമെടുക്കുമ്പോഴാണ്
ഞാനവളെ അറിഞ്ഞുതുടങ്ങിയത്‌

മറുവാക്കുരിയാടാതെ
എന്റെ വാക്കുകള്‍ക്കു
കാതോര്‍ത്തിരുന്നവളെന്നും
നല്ല കേള്‍വിക്കാരിയായിരുന്നു

എന്നിട്ടും,
വാചാലതയില്‍ നിന്നും
മൌനത്തിലേക്ക്‌
എന്നെ കൈപിടിച്ച്
നടത്തിച്ചതവളായിരുന്നു

യാമങ്ങളിലെന്റെ
തേങ്ങലും കണ്ണുനീരും
ആരുമറിയാതിരിക്കാന്‍
അവളെന്നെ ചേര്‍ത്തുപിടിച്ചു

അവള്‍ക്കറിയാം,
എനിക്കു തുണയായ്..
സാന്ത്വനമായ് മറ്റാരുമില്ലെന്ന്

എങ്കിലും,
അവളുടെ മടിത്തട്ടില്‍ നിന്നും
മണ്ണിലേക്കൂര്‍ന്നിറങ്ങുവാന്‍
ഞാനാഗ്രഹിക്കുന്നുണ്ടെ-
ന്നറിയാത്ത ഭാവം
നടിക്കുകയാണോ അവള്‍ ...?

*******************

2011, ജൂലൈ 16, ശനിയാഴ്‌ച

തെളിയാത്ത അക്ഷരങ്ങള്‍

നാടും വീടുമില്ലാത്ത-
പട്ടിണിക്കോലങ്ങള്‍
ഒരു തുണ്ടു ചാക്കിന്‍ മറയില്‍
ഇരുട്ടിനെ തോല്പ്പിക്കുമിവര്‍
നാടോടികള്‍ .,

അല്പസുഖത്തിനായ്
വിതയ്കുന്ന വിത്തുകള്‍
മുളപൊട്ടി..,
തളിരിട്ടു വരുമ്പോഴവനും
തെരുവിന്റെ മകന്‍

കരയുന്നകുഞ്ഞിനു പാലെന്ന
ചൊല്ലു രുചിക്കാതെ
വാത്സല്യമറിയാതെ
തന്റെ ഒട്ടിയവയര്‍ ,
കനിവാര്‍ന്ന കണ്ണുകളെ
തേടിയലഞ്ഞ നാളുകള്‍ .

വിധിയെ വെല്ലാന്‍
ത്രാണിയില്ലാതെയവന്‍
ഓടയിലെ പുഴുവായ്,
തെളിനീരായ്‌..
ജന്മംകൊണ്ടവനൊഴുകുന്നു
തെളിയാനീരായ്...!

**********************

2011, ജൂലൈ 11, തിങ്കളാഴ്‌ച

അനന്തതയിലേക്ക്...

എനിക്ക് പറക്കണം
പക്ഷികളെപ്പോലെ
മരങ്ങളും മലകളും
പുഴകളും പൂക്കളും കണ്ട്
കുസൃതി കാണിച്ച്
കളി പറഞ്ഞ്
ഒരു നിമിഷം,
എല്ലാം മറന്നു...
പാറി നടക്കണം.

അന്തിയില്‍ കൂടണയുമ്പോള്‍
ഓര്‍മകളെ കെട്ടിപിടിച്ചെന്‍
പാതിയെ താലോലിച്ചു
അമ്പിളിയോടു കഥ പറഞ്ഞ്
നിദ്രയിലാഴുമ്പോള്‍ ...

വീണ്ടും പറന്നുയരണം,
ഉയരങ്ങളിലേക്ക്...
ആകാശങ്ങള്‍ക്കപ്പുറത്തേക്ക്,
ആഴ്ന്നിറങ്ങണം
ഒരോര്‍മക്കുറിപ്പായ്.....

*********************

2011, ജൂലൈ 8, വെള്ളിയാഴ്‌ച

നെയ്ത്തുകാരന്‍

നിറച്ചാര്‍ത്തില്‍ ...
മുക്കിയെടുത്ത പ്രതീക്ഷകളെ
നൂല്‍നൂറ്റ്..
തറിയില്‍ പൂട്ടിയ
നാടാവു കണക്കെ
വിശ്രമമില്ലാതെ..
നെയ്തെടുക്കുന്ന സ്വപ്‌നങ്ങള്‍
സാക്ഷാത്കരിക്കുമ്പോഴും,
താന്‍ മുറുക്കിയുടുക്കുന്ന
മുണ്ടിന്റെ നീളം
ഒരു മുഴം കുറവ്..!

*******************